പിറവം: ഭാര്യയെ വെട്ടിക്കൊന്ന് ഗൃഹനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഇരുവരുടേയും പോസ്റ്റ്മോർട്ടം ഇന്നു നടക്കും. മൃതദേഹങ്ങൾ കളമശേരി മെഡിക്കൽ കോളജിലെ മോർച്ചറിയിലാണ്.
ഇന്നലെ പുലർച്ചെയാണ് കക്കാട് നെടിയാനിക്കുഴി ഭാഗത്ത് തറമറ്റത്തിൽ ബേബി (58) ഭാര്യ സ്മിത (47)യെ വെട്ടിക്കൊന്ന് തൂങ്ങി മരിച്ചത്. നേഴ്സിംഗ് വിദ്യാർഥിനികളായ രണ്ട് പെൺമക്കൾക്കളേയും ആക്രമിച്ചിരുന്നു.
പരിക്കേറ്റ മക്കളായ ഫെബ (20 ), അന്ന (17) എന്നിവർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ പരുക്ക് ഗുരുതരമല്ല.
മരിച്ച ഇരുവരുടേയും സംസ്കാരം നാളെ നടക്കാനാണ് സാധ്യത. ചികിത്സയിലുള്ള ഫെബയുടെ ചെവിയുടെ താഴെ മുറിവുണ്ട്. ഇത് പ്ലാസ്റ്റിക് സർജറി ചെയ്യണമോയെന്നുള്ളത്, ഡോക്ടർമാർ ഇന്ന് എത്തി പരിശോധിച്ച ശേഷമാണ് തീരുമാനിക്കുകയുള്ളു. മക്കൾ ഇരുവരും എത്തേണ്ടതുള്ളതുകൊണ്ട്, ഇതറിഞ്ഞിട്ടായിരിക്കും സംസ്കാരം നടക്കുക.
ഭാര്യയെ കഴുത്തു വെട്ടി കൊലപ്പടുത്തിയ ശേഷമാണ് ബേബി മക്കളെ ആക്രമിക്കാൻ തുനിഞ്ഞത്, കുട്ടികൾ പ്രാണഭീതിയിൽ മുകളിലത്തെ നിലയിലെ മുറിയിൽ ഓടികയറി വാതിലടക്കുകയായിരുന്നു.
ഇതിനു ശേഷമാണ് ബേബി തൂങ്ങി മരിച്ചതെന്ന് കരുതുന്നു. 8.30 ടെ പുറത്തിറങ്ങിയ കുട്ടികൾ അടുത്ത വീട്ടിലുള്ളവരെ ഫോൺ വിളിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്.
പ്രവാസിയായ ബേബിക്ക്, ഭാര്യയോടുള്ള സംശയമാണ് കൊലപാതത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. ബെഡ്റൂമിൽ നിലത്ത് കിടക്കുന്ന രീതിയിലാണ് സ്മിതയുടെ മൃതദേഹം കണ്ടെത്തിയത്.
തലയുടെ ഭാഗത്ത് രക്തം തളംകെട്ടി കിടക്കുന്നുണ്ടായിരുന്നു. വെട്ടാനുപയോഗിച്ച വാക്കത്തിയും മൃതദേഹത്തിനടുത്ത് കണ്ടെത്തി. മൽപ്പിടുത്തത്തിന്റെ ലക്ഷണങ്ങളും മുറിയിലുണ്ട്.
ഹാളിലും മുറിയിലും രക്തം കട്ടപിടിച്ചു കിടപ്പുണ്ട്. തൊട്ടടുത്തുതന്നെ മറ്റൊരു മുറിയിലാണ് ബേബി തൂങ്ങി മരിച്ചത്. ഇതിനിടെ കുട്ടികളെ മണ്ണെണ്ണ ഒഴിച്ച് കത്തിക്കാനുള്ള ശ്രമവും നടത്തിയതായി സൂചനയുണ്ട്.
അഞ്ച് ലിറ്റർ വരുന്ന കന്നാസിൽ പകുതിയോളം മണ്ണെണ്ണയും ഡൈനിംഗ് ടേബിളിന് മുകളിലുണ്ടായിരുന്നു. രൂക്ഷമായ മണ്ണെണ്ണയുടെ ഗന്ധവുമായിരുന്നു ഇവിടെ.
അതേസമയം ഹാളിലെ ഭിത്തിയിൽ ന്യൂ ഇയർ ആശംസയും സംഭവത്തിലേക്ക് നയിച്ചതെന്ന് കരുതുന്ന നിരവധി കാരണങ്ങളും എഴുതിയിട്ടുണ്ട്. ഫോട്ടോ അടങ്ങിയ സ്റ്റുഡിയോയുടെ കവറും ഭിത്തിയിൽ പിൻ ചെയ്തിരുന്നു.