പിറവം: രാത്രിയിൽ കാലിന് പരിക്കേറ്റ് എത്തിയ ഒമ്പതു വയസുകാരന് ആധാർ കാർഡ് ഇല്ലാത്തതിനാൽ പിറവം സർക്കാർ ആശുപത്രിയിൽ ചികിത്സ നിഷേധിച്ചതായി പരാതി.
പിറവം കരക്കോട് ലക്ഷം വീട് കോളനിയിൽ താമസിക്കുന്ന ഓണംതുരുത്തേൽ അനിൽ കുമാറിന്റെ മകൻ അഭിഷേകിനാണ് ചികിത്സ ലഭിക്കാതിരുന്നത്.
ഇന്നലെ വൈകുന്നേരം ഫുട്ബോൾ കളിക്കുന്നതിടെയാണ് കുട്ടിയുടെ കാലിന്റെ വിരലിന് പരിക്കേറ്റത്. പെയിന്റിംഗ് തൊഴിലാളിയായ പിതാവ് അനിൽ ജോലി കഴിഞ്ഞ് രാത്രി വീട്ടിൽ എത്തിയപ്പോഴാണ് ഇക്കാര്യം അറിയുന്നത്.
അസഹ്യമായ വേദനയെത്തുടർന്ന് രാത്രി ഒമ്പതോടെയാണ് പിറവം താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്.24 മണിക്കൂറും പ്രവർത്തിക്കുന്ന ആശുപത്രിയാണിത്.
ഡോക്ടർ കുട്ടിയെ പരിശോധിച്ച ശേഷം എക്സറേയക്ക് കുറിച്ചു കൊടുത്തിരുന്നു. ഇതുമായി എക്സറേ മുറിയിലെത്തിയപ്പോഴാണ്, ആധാർ കാർഡില്ലാതെ തുടർ ചികിത്സ പറ്റില്ലെന്ന് അറിയിച്ചത്.
ഒപ്പമുണ്ടായിരുന്ന മകളെ ഇവിടെ നിർത്തിയിട്ട്, വീട്ടിൽ പോയി കാർഡ് എടുത്തുകൊണ്ടു വരാമെന്ന് പറഞ്ഞെങ്കിലും, ജീവനക്കാർ സമ്മതിച്ചില്ലെന്ന് പറയുന്നു.
ഒടുവിൽ പിറവത്തെ സ്വകാര്യ ആശുപത്രിയിൽ കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു. ആധാർ കാർഡിന്റെ പേരിൽ കുട്ടിക്ക് ചികിത്സ നിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് മുൻ നഗരസഭാഗംവും,
ആശുപത്രി വികസന സമിതിയംഗവുമായ സോജൻ ജോർജ് ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് ആരോഗ്യ മന്ത്രിക്ക് പരാതി നൽകുമെന്നും അറിയിച്ചു.