പത്തനാപുരം: പിറവന്തൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ലത സോമരാജന്റെയും ആരോഗ്യസ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മഞ്ജു ഡി നായരുടെയുംനേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ വ്യാപക ക്രമക്കേടുകൾ കണ്ടെത്തി. എക്സ്പയറി ഡേറ്റ് കഴിഞ്ഞ ആയിരക്കണക്കിന് പാരസറ്റ്മോൾ ഗുളികകളും ജീവിത ശൈലി രോഗികൾക്ക് നൽകുന്ന വിലപിടിപ്പുള്ള ഇൻസുലിൻ മരുന്നുകളടക്കം കണ്ടെത്തി.
മെഡിക്കൽ ഓഫീസർ അടക്കമുള്ള ജീവനക്കാർ 10.30നും, സ്വീപ്പർ അടക്കമുള്ളവർ 11 നുംവരെ എത്തുന്ന രീതിയിലാണ് ഇവിടെ പ്രവര്ത്തനം നടക്കുന്നത് .ഇൻസുലിൻ മരുന്നുകൾ നശിപ്പിച്ചതായും കണ്ടെത്തി .മെഡിക്കൽ ഓഫീസർ അടക്കമുള്ള ജീവനക്കാർ യഥാസമയം എത്തുന്നില്ലെന്ന വ്യാപകമായ പരാതിയെ തുടർന്നാണ് ഗ്രാമ പഞ്ചായത്ത് അധികാരികളുടെ നേതൃത്വത്തിൽ പരിശോധന നടത്തിയത്.
ദിനംപ്രതി മുന്നൂറിനും അഞ്ഞൂറിനും ഇടയിൽ രോഗികളാണ് ഇവിടെ പരിശോധനയ്ക്കായിഎത്തുന്നത്. പഞ്ചായത്ത് അതിർത്തിയായ 30 കിലോമീറ്റർ അകലെയുള്ള ചെമ്പനരുവിയിൽ നിന്നടക്കം രാവിലെഎട്ടോടെ രോഗികൾ എത്തുമെങ്കിലും ഡോക്ടറെ കാണുന്നത് ബുദ്ധിമുട്ടായി മാറിയതിനെ തുടർന്നാണ് ജനപ്രതിനിധികൾ അടക്കമുള്ളവർ ഗ്രാമ പഞ്ചായത്ത് അധികാരികൾക്ക് പരാതി നൽകിയത്.തുടർന്നായിരുന്നു മിന്നൽ പരിശോധന.മെഡിക്കൽ ഓഫീസർ ആശുപത്രിക്ക് സമീപം സ്വകാര്യ പ്രാക്ടീസ് നടത്തുന്നുണ്ട്.
ഏതാണ്ട് പത്ത് വർഷത്തിലധികമായി ഡോക്ടർ ഇവിടെ സേവനമനുഷ്ഠിക്കുകയാണ് .മുള്ളുമല, കുരിയോട്ടുമല ,വെള്ളം തെറ്റി ആദിവാസി കേന്ദ്രങ്ങളിൽ നിന്നടക്കം കിലോമീറ്റർ താണ്ടിയാണ് രോഗികൾ ഇവിടെയെത്തുന്നത് . പിറവന്തൂർ ഗ്രാമപഞ്ചായത്തിലെ ജനങ്ങളുടെ ഏക ആശ്രയമായ ആരോഗ്യകേന്ദ്രം ആണിത് .വ്യാപകമായ പരാതിയെതുടർന്ന് നടത്തിയ പരിശോധനയിലാണ് ഡേറ്റ് കഴിഞ്ഞ പാരസെറ്റമോൾ അടക്കമുള്ള ഗുളികകളും മരുന്നുകളും കണ്ടെത്തിയത് .
പ്രമേഹമടക്കമുള്ള രോഗമുള്ളനൂറു കണക്കിന് വൃദ്ധരാണ് ഇവിടെയെത്തുന്നത്. ഇവർക്കായി നൽകുവാനായി സൂക്ഷിച്ചിട്ടുള്ള ഇൻസുലിൻ മരുന്നുകൾ പോലും യഥാസമയം നൽകുന്നില്ലെന്ന പരാതിക്കിടെയാണ് ഡേറ്റ് കഴിഞ്ഞ മരുന്നുകൾ കണ്ടെത്തിയത്.
സമീപത്തെ മെഡിക്കൽ സ്റ്റോറുകാരെ സഹായിക്കുന്നതിനായി മരുന്നുകൾ ഇവിടെ ഇല്ല എന്നു പറഞ്ഞു രോഗികളെ പുറത്തെ മെഡിക്കൽ സ്റ്റോറുകളിലേക്ക് അയക്കുന്നതായും പരാതി ഉയർന്നിരുന്നു. മരുന്നുകൾ സ്വകാര്യ പ്രാക്ടീസിന് ഉപയോഗിക്കുന്നതായും ആക്ഷേപമുയർന്നിരുന്നു .
ഇതിനിടെയാണ് ഡേറ്റ് കഴിഞ്ഞ ആയിരക്കണക്കിന് രൂപയുടെ മരുന്നുകൾ ഗ്രാമപഞ്ചായത്ത് അധികൃതർ പിടികൂടിയത് .ഡേറ്റ് കഴിഞ്ഞവ രോഗികൾക്ക് നൽകരുതെന്ന ഉത്തരവ് പാലിക്കാതെയാണ് കഴിഞ്ഞ കുറെ നാളുകളായി ഡേറ്റ് കഴിഞ്ഞ മരുന്നുകൾ ഇവിടെ വിതരണം ചെയ്തു വന്നിരുന്നത് .വിവരംഅറിഞ്ഞ രോഗികളിൽ പലരും സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടിയിരിക്കുകയാണ്.