കൊല്ലം: പിറവന്തൂരിൽ പ്ലസ് വണ്‍ വിദ്യാർഥിനിയെ കൊലപ്പെടുത്തിയ സംഭവവുമായിബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ പറഞ്ഞു. പിറവന്തൂർ സ്വദേശിനിയായ 16കാരിയെ കൊലപ്പെടുത്തിയ കേസിൽ ആയിര വല്ലിക്കര ചീവോട് തടത്തിൽ വീട്ടിൽ സുനിൽകുമാർ(40)ആണ് അറസ്റ്റിലായത്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുന്നതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കും. കഴിഞ്ഞ ജൂലൈ 28ന് അർധരാത്രിയായിരുന്നു കൊലപാതകം.
ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്ത്, ക്രൈം ബ്രാഞ്ച് സിഐ ഡി എച്ച്എച്ച് ഡബ്ല്യു-1 എസ് പി വി എം മുഹമ്മദ് റഫീക്ക് എന്നിവരുടെമേൽനോട്ടത്തിൽ ഡിവൈഎസ് പി കെ വി കൊച്ചുമോൻ, ഡിറ്റക്ടീവ് ഇൻസ്പെകടർ ജോണ്സണ് എന്നിവരുടെനേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊല്ലപ്പെട്ട പെൺകുട്ടി പ്ലസ് വണ്‍ വിദ്യാർഥിനിയായിരുന്നു. പതിവുപോലേ രാത്രിയിൽ ബെഡ്റൂമിൽ ഇരുന്ന് പഠിച്ചശേഷം ഉറങ്ങാൻ കിടന്നതായിരുന്നു.
രാത്രി വീട്ടിൽ അതിക്രമിച്ചുകയറിയ സുനിൽകുമാർ ബെഡ്റൂമിൽ ഉറങ്ങി കിടന്നിരുന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്യുകയും തുടർന്ന് ഒച്ചവക്കാതിരിക്കാൻ കൈയിൽ കരുതിയിരുന്ന കയർ ഉപയോഗിച്ച് കൊലപ്പെടുത്തിയശേഷം കഴുത്തിൽ കിടന്ന സ്വർണമാല കവർന്നെടുത്ത് രക്ഷപ്പെടുകയുമായിരുന്നു. മരണം കൊലപാതകമാണെന്ന പരാതിയായിരുന്നു ആദ്യം മുതൽ രക്ഷിതാക്കൾ ഉന്നയിച്ചിരുന്നത്.
എന്നാൽ പോസ്റ്റുമാർട്ടം റിപോർട്ടിൽ കയറോ മറ്റ് വസ്തുക്കളോ കഴുത്തിൽ കുരുങ്ങിയാണ് മരണം സംഭവിച്ചതെന്നും കൊലപാതകത്തിനുള്ള സാധ്യത ഇല്ലെന്നുമായിരുന്നു പോലിസിന്റെ കണ്ടെത്തൽ. ഇതോടെ പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാകാം എന്ന നിഗമനത്തിലെത്തുകയായിരുന്നു പോലിസ്. ആത്മഹത്യ ചെയ്തത് പുറത്തറിഞ്ഞാലുണ്ടാകുന്ന മാനക്കേടോർത്ത് രക്ഷിതാക്കൾ തന്നെ കൊലപാതകമാണെന്ന് വരുത്തി തീർക്കുകയായിരുന്നു എന്ന സംശയവും ഉണ്ടായി.
ഇതേ തുടർന്ന് മാതാപിതാക്കളെയും ബന്ധുക്കളെയും അയൽക്കാരെയും പോലിസ് നിരവധി തവണ ചോദ്യം ചെയ്തു. പോലീസ് സർജന്റെയും മന ശാസ്ത്ര വിദഗ്ധന്റെയും സാനിധ്യത്തിലുൾപ്പടെയാണ് മാതാപിതാക്കളെ ചോദ്യം ചെയ്തത്.ഇതിനിടെ നാട്ടുകാർ ആക്ഷൻ കൗണ്‍സിൽ രൂപീകരിച്ച് സമരവുമായി രംഗത്തെത്തി.
പോലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അന്വേഷണം ക്രൈംബ്രാഞ്ചിന് വിടണമെന്നും ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ മാതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു. പുനലൂർ പോലിസ് അസ്വാഭാവിക മരണത്തിന് രജിസറ്റർ ചെയ്ത് അന്വേഷണം നടത്തിയ ഈ കേസ് തുടർന്ന് കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തിയെങ്കിലുംപ്രതിയെ കണ്ടെത്താൻ സാധിച്ചില്ല.
കേസിന്റെ അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിന് കൈമാറി. ഏറെ കോളിളക്കം സൃഷ്ടിച്ച കേസിൽ ഏഴുമാസം കൊണ്ട ാണ് ക്രൈംബ്രാഞ്ച് പ്രതിയെ അറസ്റ്റ് ചെയ്തത്. കൊലയ്ക്ക് ശേഷം പ്രതി യാതൊരു സംശയത്തിനും ഇടവരുത്താതെ ഓട്ടോറിക്ഷ ഡ്രൈവറായി സ്ഥലത്ത് കഴിഞ്ഞുവരികയായിരുന്നു.
മതിയായ അടച്ചുറപ്പില്ലാത്തതും സുരക്ഷയില്ലാത്തതുമായ വാതിലുകളുള്ള വീട് പ്രതിക്ക് കൃത്യം ചെയ്യുന്നതിന് സഹായകരമായി. എസ്ഐമാരായ മഹേഷ്കുമാർ, ഷൈൻ,ഷഹാലുദീൻ, എഎസ്ഐ അഷറഫ് ബൈജു, എസിപിഒമാരായ സൈജു, മുരുകേഷ്, സുരേഷ്കുമാർ, ബാബുകുട്ടൻ, ജോ ചാക്കോ എന്നിവർ അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.