ആലപ്പുഴ: കടൽക്ഷോഭത്തിൽ വീടുകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നും അധികം ദൂരെയല്ലാതെ ഭവനങ്ങൾ നിർമിച്ചു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ദുരിതാശ്വാസമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നിർമിച്ചു നൽകിയ വീടുകളുടെ താക്കോൽദാനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കടലിനോട് ഏറ്റവും ചേർന്നു താമസിക്കുന്നവരാണ് എല്ലാ വർഷവും കൂടുതലും ദുരിതം അനുഭവിക്കുന്നത്. മത്സ്യത്തൊഴിലാളികൾക്ക് കടലിൽ നിന്നു വിട്ടു പോകാൻ ആവില്ല. ഇതു പരിഗണിച്ചാണ് സർക്കാർ കടലിൽ നിന്നും അധികം ദൂരെയല്ലാതെ വീടുകൾ നിർമിച്ചു നൽകാൻ തീരുമാനിച്ചത്. ഇതിലൂടെ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണാൻ സാധിക്കുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.
പ്രളയദുരിതാശ്വാസമായി ലൈഫ് പദ്ധതിയിലൂടെ അഞ്ചു ലക്ഷം കുടുംബങ്ങൾക്ക് വീടുകൾ നൽകുന്ന പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയായി. സ്ഥലവും വീടും ഇല്ലാത്ത അർഹരായവർക്ക് ഭവനസമുച്ചയത്തിന്റെ നിർമാണം അടുത്ത വർഷത്തോടെ പൂർത്തിയാക്കാനാണ് ലക്ഷ്യം. സ്ഥലം സംബന്ധിച്ച് രേഖാപരമായ സാങ്കേതിക പ്രശ്നങ്ങളുടെ കാര്യത്തിൽ സർക്കാരിന് പരിമിതിയുണ്ട്.
ഇക്കാര്യത്തിൽ സർക്കാരിന് ഇടപെടാൻ സാധിക്കുന്നവയ്ക്ക് വേഗത്തിൽ പ്രശ്നപരിഹാരം കാണാൻ കളക്ടർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്.സഹകരണ വകുപ്പിന്റെ കീഴിൽ 2000 വീടുകൾ നൽകും. പ്രളയത്തിൽ വീടുകൾ നഷ്ടപ്പെട്ട എല്ലാവർക്കും വീടുകൾ നൽകാൻ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കെജിഒഎ സംസ്ഥാന പ്രസിഡന്റ് ഡോ. കെ.ടി. ശ്രീലതകുമാരി അധ്യക്ഷയായിരുന്നു. എ.എം. ആരിഫ് എംപി, എംഎൽഎമാരായ യു. പ്രതിഭ, ആർ. രാജേഷ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാൽ, സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ, കെ. പ്രസാദ്, കെജിഒഎ ജനറൽ സെക്രട്ടറി ടി.എസ്. രഘുലാൽ, ജനറൽ കണ്വീനർ വി. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ജില്ലയിലെ ഒന്പതു നിയോജക മണ്ഡലങ്ങളിലായി ഒന്പതു വീടുകളാണ് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ നിർമിച്ചു നൽകിയത്. ഇതുകൂടാതെ രണ്ടര കോടിയുടെ ദുരിതാശ്വാസ സാധനങ്ങളും സംഘടന വിതരണം ചെയ്തതായി ഭാരവാഹികൾ അറിയിച്ചു. 40 ദിവസങ്ങൾ കൊണ്ടാണ് ഒന്പതു വീടുകളും പൂർത്തീകരിച്ചത്.ി