പിറവം: ഏകയായി കഴിഞ്ഞിരുന്ന ലീലയുടെ വീട് ശുചിയാക്കാൻ പിറവം പോലീസ് സ്റ്റേഷനിലെ പോലീസുകാർ എത്തി. വീടിനുള്ളിലെ മാലിന്യങ്ങൾ കോരിമാറ്റിയും ഫർണിച്ചറുകൾ വൃത്തിയാക്കിയും നിത്യോപയോഗ സാധനങ്ങൾ നൽകിയുമാണ് അവർ മടങ്ങിയത്.
നഗരസഭയിലെ പാഴൂർ പടിപ്പുരയ്ക്ക് സമീപമുള്ള മാനഠത്തിൽ ലീല (75) യുടെ വീടാണ് വെള്ളം കയറി താമസയോഗ്യമല്ലാതായത്. അവിവാഹിതയായ ഇവർ ഏകയായാണ് ഇവിടെ കഴിഞ്ഞിരുന്നു. പുഴയിൽ നിന്നുള്ള വെള്ളം വീട്ടിലേക്കു കയറുമെന്ന അവസ്ഥയിൽ സമീപത്ത് ഉയർന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന വീട്ടിൽ അഭയം തേടുകയായിരുന്നു.
നാല് ദിവസത്തിന് ശേഷമാണ് വീട്ടിൽനിന്നു വെള്ളമിറങ്ങിയത്. താസമിക്കാൻ കഴിയാത്തതിനാൽ കഴിഞ്ഞ രണ്ടാഴ്ചയിലധികമായി അയൽ വീട്ടിലാണ് കഴിഞ്ഞിരുന്നത്. വാർധക്യകാല പെൻഷനും ചില ബന്ധുക്കളുടെ സഹായത്താലുമാണ് ലീല കഴിഞ്ഞുവരുന്നത്. അഞ്ച് സെന്റിലുള്ള ചെറിയ വീട്ടിലാണ് താമസം.
വീട്ടുപകരണങ്ങൾ മിക്കതും നശിച്ചിരുന്നു. വാർഡ് കൗണ്‍സിലർ ഷൈബി രാജുവിന്റെ അഭ്യർഥന പ്രകാരം പോലീസുകാർ എത്തി വീടിന്റെ ശുചീകരണം നടത്തുകയായിരുന്നു. ലീലയുടെ വീട് താമസയോഗ്യമാക്കിയെങ്കിലും ഇവിടെ നിത്യോപയോഗ സാധനങ്ങൾ ഇല്ലായിരുന്നു. തുടർന്ന് പിറവം വലിയ പള്ളി യൂത്ത് അസോസിയേഷൻ വീട്ടിലേക്കുള്ള സാധനസാമഗ്രികൾ വാങ്ങി നൽകി.
ശുചീകരണ പ്രവർത്തനങ്ങൾക്ക് എസ്ഐമാരായ വി.ഡി. റെജി രാജ്, കെ.എൻ. ഷിബു, അഡീഷണൽ എസ്ഐ ഷിബു, സാജു, കെ.പി. പ്രവീണ്‍, ഗോപി, ബിജുമോൻ, ജയകുമാർ, ജിബി സുരേഷ്, സിന്ധു, സുജാത, രാധിക എന്നിവർ നേതൃത്വം നൽകി. പോലീസുകാരുടെ നേതൃത്വത്തിൽ സ്കൂൾ കുട്ടികളുമായി സഹകരിച്ച് തോട്ടഭാഗം ചാലാശേരി ഭാഗത്ത് പുഴയോരത്ത് അടിഞ്ഞുകൂടിയ പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തു.