കേരളത്തെ തകര്‍ത്തുകളഞ്ഞ പ്രളയത്തില്‍ ടൊവിനോയുടെ പങ്കിനെപ്പറ്റി നര്‍മത്തോടെ തുറന്നു പറഞ്ഞിരിക്കുകയാണ് നടനും സംവിധായകനുമായ രമേഷ് പിഷാരടി. പ്രശസ്തിക്കു വേണ്ടി ടൊവീനോ ആണ് പ്രളയമുണ്ടാക്കിയതെന്നു വരെ ചിലര്‍ പറഞ്ഞേക്കാമെന്ന് പിഷാരടി പറഞ്ഞപ്പോള്‍ ഒപ്പമുണ്ടായിരുന്ന ടൊവീനോയും പൊട്ടിച്ചിരിച്ചു. നല്ല കാര്യം ചെയ്യുന്നവരെപ്പോലും പുറകോട്ട് വലിക്കുന്നത് ഇത്തരം കമന്റുകളും പ്രവണതകളുമാണെന്നും ഇങ്ങനെയുള്ള വിമര്‍ശനങ്ങളോട് എങ്ങനെയാണ് പ്രതികരിക്കുന്നതെന്നും പിഷാരടി ടൊവീനോയോട് ചോദിക്കുകയുണ്ടായി.
‘സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് അത് മനസ്സിലാകും. മഴ അന്ന് നിര്‍ത്താതെ പെയ്യുകയാണ്. നോക്കിനില്‍ക്കുമ്പോഴാണ്. വെള്ളം ഉയര്‍ന്നുകൊണ്ടിരുന്നത്. നാളെ കേരളം തന്നെ ഉണ്ടാകുമോ എന്ന ആശങ്കക്കിടയില്‍ എന്തു സിനിമ? എന്തു പ്രൊമോഷന്‍?’ ടൊവീനോ പറഞ്ഞു. കേരളത്തെ പ്രളയം തകര്‍ത്തപ്പോള്‍ രാത്രി പകല്‍ വ്യത്യാസമില്ലാതെ സമൂഹത്തിനിടയിലേക്ക് ഇറങ്ങിയ ആളായിരുന്നു ടൊവിനോ തോമസ്. എന്നാല്‍ ആളുകള്‍ ടൊവിനോയെ അഭിനന്ദിച്ചപ്പോള്‍ ചിലര്‍ ടൊവിനോയുടെ പ്രവൃത്തിയെ പ്രശസ്തിക്കും സിനിമാ പ്രൊമോഷനും വേണ്ടിയെന്ന് ആക്ഷേപിച്ചിരുന്നു. ഇതു ചൂണ്ടിക്കാട്ടിയായിരുന്നു പിഷാരടിയുടെ ചോദ്യം.