കൊച്ചി: മോഷണം പെരുകുന്നതിനിടെ കൊച്ചിയിൽ എയർ പിസ്റ്റൾ, എയർ ഗണ്‍ വിൽപനയിൽ വർധന. നേരത്തെ മാസത്തിൽ അന്‍പതിൽ താഴെമാത്രം വിൽപന നടന്നിടത്തു കഴിഞ്ഞമാസം ഈ ഇനങ്ങളിൽ വിൽപന നടത്തിയത് ഇതിന്റെ അഞ്ചിരട്ടിയോളമാണെന്നു കൊച്ചിൻ ആർമറി ഉടമ സാജൻ കെ. പൗലോസ് പറയുന്നു. സമീപകാലത്തു കൊച്ചിയിലും സമീപപ്രദേശങ്ങളിലും നടന്ന മോഷണമാണു ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗണ്‍, എയർ പിസ്റ്റൾ എന്നിവ കൂടുതലായി വിറ്റുപോകാൻ കാരണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഫ്ളാറ്റുകളിൽ താമസിക്കുന്നവരും ഒറ്റപ്പെട്ട സ്ഥലത്ത് വീടുള്ളവരും ഒറ്റയ്ക്കു താമസിക്കുന്ന സ്ത്രീകളുമാണ് എയർ ഗണ്‍, എയർ പിസ്റ്റർ എന്നിവ അന്വേഷിച്ച് എത്തുന്നത്. ഇവ രണ്ടും സ്വന്തമാക്കാൻ എളുപ്പമാണെന്നതും കൂടുതൽപേരെ ഇതിലേക്ക് ആകർഷിക്കുന്നുണ്ട്. ഒരു വെടി ഉതിർക്കാൻ കഴിയുന്നവയ്ക്ക് ഒരു തിരിച്ചറിയൽ രേഖയും ഒന്നിൽ കൂടുതൽ വെടി ഉതിർക്കാൻ കഴിയുന്നവയ്ക്കു രണ്ടു തിരിച്ചറിയൽ രേഖകളും മാത്രം നൽകിയാൽ മതി.
വിവിധ തരത്തിലുള്ള എയർ ഗണ്ണും എയർ പിസ്റ്റളും ഇന്നു ലഭ്യമാണ്. കഴിഞ്ഞ മാസം വിപണിയിലെത്തിയ 18 വെടി ഉതിർക്കാൻ കഴിയുന്ന എയർ പിസ്റ്റളാണ് ഇതിൽ ഏറ്റവും പുതിയത്. ജിഎസ്ടി ഉൾപ്പെടെ 32,400 രൂപയാണു വില. ഒരു വെടി ഉതിർക്കാൻ കഴിയുന്ന എയർ പിസ്റ്റളുകൾ 1300 മുതൽ 4000 രൂപയ്ക്കുവരെ ലഭിക്കും. നിലവിൽ ഒന്നിലേറെ വെടി ഉതിർക്കാൻ കഴിയുന്ന എയർ പിസ്റ്റളുകൾക്കാണ് ആവശ്യക്കാരേറെ.
എയർഗണ്‍ വിഭാഗത്തിൽ 10 വെടി ഉതിർക്കാൻ കഴിയുന്നതുവരെയുണ്ട്. ഇതിന് ജിഎസ്ടി ഉൾപ്പെടെ 30,000 രൂപ ചെലവാകും. ഒരു വെടി ഉതിർക്കാവുന്ന എയർഗണ്ണുകൾ 2500 മുതൽ 10,000 രൂപയ്ക്കുവരെ ലഭ്യമാണ്. കൊച്ചിയിൽ വൻ മോഷണങ്ങൾ നടന്ന കഴിഞ്ഞമാസം എയർ പിസ്റ്റൾ വിഭാഗത്തിൽ ഇരുന്നൂറിനു മുകളിലും എയർഗണ്‍ വിഭാഗത്തിൽ നൂറോളവും വിറ്റഴിഞ്ഞതായി സാജൻ കെ. പൗലോസ് പറഞ്ഞു.