സിനിമ നിര്‍മാതാവും നടനുമായ ബൈജു കൊട്ടാരക്കര വെടിവച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. ഇടുക്കി അടിമാലി വാളറ വടക്കേച്ചാലില്‍ പരണായില്‍ വര്‍ഗീസ് ആണ് അടിമാലി പോലീസില്‍ പരാതി നല്‍കിയത്. നടനില്‍ നിന്നു പിടിച്ചുവാങ്ങിയതെന്നു പറയുന്ന എയര്‍ പിസ്റ്റളും പോലീസില്‍ ഹാജരാക്കി. ഇന്നലെ വൈകുന്നേരം അഞ്ചോടെ വര്‍ഗീസിന്റെ നേതൃത്വത്തില്‍ ഒരുസംഘം ആളുകള്‍ പോലീസ് സ്റ്റേഷനില്‍ എത്തി പരാതി നല്‍കുകയായിരുന്നു. എന്നാല്‍ വര്‍ഗീസും സംഘവും തന്നെ മര്‍ദിച്ചതായുള്ള ബൈജുവിന്റെ പരാതിയില്‍ വര്‍ഗീസിനെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള ബൈജുകൊട്ടാരക്കരയുടെ മൊഴിപ്രകാരമാണ് കേസെടുത്തത്.
സംഭവം സംബന്ധിച്ച് പോലീസ് പറയുന്നത്: വാളറ വെളളച്ചാട്ടത്തിനു സമീപം ബൈജുവിന്റെ ഉടമസ്ഥതയിലുളള ഭൂമിയിലേക്കു വഴി നിര്‍മിച്ചപ്പോള്‍ വര്‍ഗീസിന്റെ ഭൂമി കൈയേറിയതായി തര്‍ക്കം നിലവിലുണ്ട്. തിങ്കളാഴ്ച വര്‍ഗീസ് കരിങ്കല്ലിറക്കി കെട്ടുന്നതിനിടെ തോക്കുമായെത്തിയ ബൈജു വര്‍ഗീസിനെ വധിക്കുമെന്നു പറഞ്ഞു. തുടര്‍ന്ന് ഇവര്‍ കെട്ടിയ കരിങ്കല്ല് പൊളിക്കാന്‍ ബൈജു ശ്രമിക്കുതിനിടെ ബലമായി ബൈജുവിന്റെ കൈയില്‍ നിന്നു തോക്ക് പിടിച്ചു വാങ്ങിയ വര്‍ഗീസും സഹോദരങ്ങളും തോക്ക് അടിമാലി സ്റ്റേഷനില്‍ ഹാജരാക്കി. പരിശോധനയില്‍ ലൈസന്‍സ് ഇല്ലാതെ കൈവശം വയ്ക്കാവുന്ന എയര്‍ പീസ്റ്റലാണു ബൈജു ഉപയോഗിച്ചതെന്നു പൊലീസ് പറയുന്നു. ബൈജുവിന്റെ പേരില്‍ വധശ്രമത്തിനാണു പോലീസ് കേസെടുത്തത്. എന്നാല്‍ തന്നെ ആക്രമിച്ചതാണെന്നും തന്റെ കൈയില്‍ തോക്ക് ഇല്ലായിരുന്നുവെന്നും സംഭവം കെട്ടിച്ചമച്ച കഥയാണെന്നും ബൈജു കൊട്ടാരക്കര പറഞ്ഞു.
അക്രമി സംഘം കല്ല് ഉപയോഗിച്ച് ഇടിച്ചു വീഴ്ത്തിയെന്നും ഈ സമയം തന്നെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയെന്നും കല്ലുകൊണ്ടുള്ള ഇടിയേറ്റു തനിക്കു പരിക്കേറ്റതായും ബൈജു പറഞ്ഞു. സംഭവത്തില്‍ ഇരുകൂട്ടര്‍ക്കെതിരേയും കേസ് ഏടുത്തതായി അടിമാലി എസ്.ഐ ലാല്‍ സി. ബേബി അറിയിച്ചു.