വളര്‍ത്തു നായയെ അഴിച്ചു വിട്ട് ആണ്‍കുട്ടിയെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പട്ടിയുടെ ഉടമസ്ഥര്‍ പിടിയില്‍.
വീട്ടുകാരുമായുള്ള തര്‍ക്കത്തിനിടെ, ആണ്‍കുട്ടിയെ ആക്രമിക്കാന്‍ നായയെ ഉടമസ്ഥര്‍ കെട്ടഴിച്ചു വിടുകയായിരുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്.
ഗൗതം ബുദ്ധനഗര്‍ ജില്ലയിലാണ് സംഭവം. കുട്ടിയെ വളര്‍ത്തുനായ ആക്രമിക്കുന്ന സമയത്ത് ഉടമസ്ഥര്‍ നോക്കിനിന്നതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
പിറ്റ്ബുള്‍ ഇനത്തില്‍പ്പെട്ട നായയാണ് ആക്രമിച്ചത്. കുട്ടിയുടെ കുടുംബവുമായുള്ള തര്‍ക്കത്തിനിടെയാണ് സംഭവം നടന്നതെന്ന് ബദല്‍പുര്‍ പൊലീസ് പറയുന്നു.
ഉടമസ്ഥരായ രവിന്ദറും സൗരഭും വളര്‍ത്തുനായയുടെ കെട്ടഴിച്ചുവിടുകയായിരുന്നു. കുട്ടിയെ വളര്‍ത്തുനായ ആക്രമിക്കുന്നത് നോക്കിനിന്ന് ഇരുവരും ആസ്വദിച്ചതായും പരാതിയില്‍ പറയുന്നു.
കുട്ടിയുടെ ബന്ധുക്കളുടെ പരാതിയിലാണ് രവിന്ദറിനെയും സൗരഭിനെയും പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു പ്രതി ഒളിവിലാണെന്നും ഇയാള്‍ക്ക് വേണ്ടി തെരച്ചില്‍ ആരംഭിച്ചതായും പൊലീസ് പറയുന്നു.