ഒരു പിയാനോയിൽ ഒരേ സമയം ഇരുപതു പേരുടെ വിരലുകൾ ചലിച്ചപ്പോൾ സ്വന്തമായത് ആരും നേടിയെടുക്കാൻ കൊതിക്കുന്ന ഗിന്നസ് വേൾഡ് റെക്കോഡ്. ബോസ്നിയയിലെ പതിനെട്ട് വിദ്യാർഥികളും രണ്ട് അധ്യാപകരും ചേർന്നാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കിയത്.
പത്തൊന്‍പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഫ്രഞ്ച് സംഗീതജ്ഞൻ ആൽബർട്ട് ലവിനാക് ഒരുക്കിയ ഗലോപ് മാർഷെ എന്ന ഈണമാണ് മൂന്നു മാസത്തെ പരിശീലനത്തിനു ശേഷം ഇവർ ഒരുമിച്ചു വായിച്ചത്. ഒന്‍പതും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള കുട്ടികളാണ് ഈ അപൂർവ നേട്ടം സ്വന്തമാക്കാൻ നാളുകൾ നീണ്ട പരിശീലനം നടത്തിയത്.
1992-1995 ലെ ബോസ്നിയൻ യുദ്ധത്തിൽ തകർക്കപ്പെട്ടതിനു ശേഷം പുനർനിർമിച്ച സറാജേവോ സിറ്റി ഹാളിനുള്ളിൽ വെച്ചാണ് കുട്ടികളും അധ്യാപകരും ഒരുമിച്ച് പിയാനോ വായിച്ചത്. ഒരോരുത്തരും തങ്ങളുടെ ഒരു കൈ മാത്രം ഉപയോഗിച്ച് പിയാനോ വായിച്ചപ്പോൾ തകർക്കപ്പെട്ടത് 2004ൽ ഇറ്റലി സ്വദേശികളായ പതിനെട്ട് പേർ പിയാനോ വായിച്ച് എഴുതിചേർത്ത റിക്കാർഡാണ്.
സമാധാനം, സ്നേഹം, സുഹൃത്ത് ബന്ധം എന്നീ സന്ദേശം മറ്റുള്ളവരിലേക്ക് പകർന്നു നൽകുകയെന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഈ പരിപാടിയുടെ സംഘാടകരിലൊരാളായ അധ്യാപിക ഇവാ പാസിക് പറഞ്ഞു.