വടക്കഞ്ചേരി: അമേരിക്കൻ വംശജനായ ഡ്രാഗണ്‍ഫ്രൂട്ട് എന്ന പിത്തായപഴം വടക്കഞ്ചേരിയുടെ മലയോരങ്ങളിലും സ്ഥാനം പിടിക്കുന്നു. വാൽക്കുളന്പ് പനംങ്കുറ്റിയിലെ മലയോരത്ത് പത്തനംതിട്ട സ്വദേശി അലക്സ് കോശിയാണ് അഞ്ചേക്കർ സ്ഥലത്ത് ഈ പുതുവിളയെ പരിചയപ്പെടുത്തുന്നത്.
ജില്ലയിൽ പല വീടുകളിലും ചെറിയതോതിൽ ഡ്രാഗണ്‍ഫ്രൂട്ട് വളർത്തുന്നുണ്ടെങ്കിലും വ്യാപാരാടിസ്ഥാനത്തിൽ ഈ കൃഷി ആദ്യമാണ്. കള്ളിമുള്ള് ചെടിയുടെ വംശപരന്പരക്കാരനായ ഈ പഴചെടിക്ക് വെള്ളം കുറവുമതിയെന്നതാണ് മലയോര കൃഷിക്കായി ഡ്രാഗണ്‍ഫ്രൂട്ടിനെ തെരഞ്ഞെടുക്കുന്നത്. നല്ല വെയിലും വെളിച്ചവും ലഭിക്കുന്ന പ്രദേശങ്ങളിലാണ് ഇത് നന്നായി വളരുക. പുറമേയ്ക്ക് കാണുന്പോൾ ഡ്രാഗണ്‍ എന്ന ജീവിയുടെ ചെതന്പൽ പോലെയാണ് പഴം തോന്നിക്കുക. എന്നാൽ പേരും പഴത്തിന്റെ ഉൾഭാഗവും തമ്മിൽ ബന്ധമൊന്നുമില്ല.
റബറിന്റെ കാലാവധികഴിഞ്ഞ് മരങ്ങൾ വെട്ടിമാറ്റിയപ്പോഴാണ് പത്തനംതിട്ടയിൽ വിളയിച്ച കൃഷി പാലക്കാട്ടും പരീക്ഷിക്കാമെന്ന നിലയിൽ ആരംഭിച്ചിട്ടുള്ളത്. കന്പോഡിയയിൽ ഏക്കർകണക്കിനു സ്ഥലത്ത് ഈ കൃഷിചെയ്ത് അനുഭവ സന്പത്തുള്ളവരാണ് ഇവിടെ തോട്ടത്തിൽ മാനേജരായും മറ്റു മേൽനോട്ടക്കാരുമായുള്ളത്.
ഡ്രാഗണ്‍ഫ്രൂട്ടിന് നിലം ഒരുക്കുന്നതിനു മുന്നോടിയായി പഴത്തിന്റെ തൈകൾ നട്ടുപിടിപ്പിച്ച സ്ഥലത്തെല്ലാം മഞ്ഞൾകൃഷി ചെയ്തിരിക്കുകയാണ് ഇപ്പോൾ. ദൂരെനിന്നു കാണുന്നവർക്ക് മഞ്ഞൾകൃഷിയാണെന്നേ സ്ഥലംകണ്ടാൽ തോന്നൂ. പൂർണമായും ജൈെവരീതിയിലാണ് മഞ്ഞൾകൃഷിയും ഡ്രാഗണ്‍ഫ്രൂട്ടിന്റെ കൃഷിയും ഇവിടെ നടത്തുന്നതെന്ന് മാനേജർ പറഞ്ഞു.
കയറ്റുമതി ലക്ഷ്യംവച്ചുള്ള കൃഷികളാണ് എല്ലാം. അതിനാൽ പരിചരണവും കരുതലും സസൂക്ഷ്മം വേണം. കോണ്‍ക്രീറ്റ് തൂണുകൾ സ്ഥാപിച്ച് അതിലാണ് ഇതിന്റെ വള്ളികൾ പടർത്തുക. വെള്ളവും മണ്ണും കുറവുള്ള പ്രദേശത്ത് ഡ്രാഗണ്‍ഫ്രൂട്ട് തഴച്ചുവളരും. വള്ളികളുടെ വളർച്ച നില്‍ക്കുന്നതോടെ പൂത്ത് പഴമുണ്ടാകും. 250 ഗ്രാം മുതൽ 800 ഗ്രാം വരെ തൂക്കം പഴത്തിനുണ്ടാകും.
കാലാവസ്ഥ, മണ്ണുപരിചരണം തുടങ്ങിയ ഘടകങ്ങൾ പഴത്തിന്റെ തൂക്കത്തിൽ ഏറ്റക്കുറച്ചിലുണ്ടാക്കും. ഉള്ളിൽ വെള്ളയും ചുവപ്പുമായി രണ്ടുതരത്തിലുള്ള ഡ്രാഗണ്ഫ്രൂട്ടുകളിൽ റെഡ് കളർ ഫ്രൂട്ടാണ് ഇവിടെ കൃഷി ചെയ്തിട്ടുള്ളത്. വിപണിമൂല്യം കൂടുതലും ഇതിനു തന്നെയാണ്.
വിറ്റാമിനുകളും മാംസ്യവും ധാതുക്കളുമൊക്കെ അടങ്ങിയിട്ടുള്ള ഡ്രാഗണ്‍ഫ്രൂട്ട് കാൻസറിനെ പ്രതിരോധിക്കുകയും ശരീരത്തിലെ ചീത്ത കൊളസ്ട്രോളിനെ നിയന്ത്രിക്കുകയും ചെയ്യും. എന്തായാലും റബർവില ഇടിഞ്ഞുകൊണ്ടിരിക്കേ പുതുവിളയെ കൗതുകത്തോടെയാണ് കർഷകർ നോക്കിക്കാണുന്നത്.