ന്യൂഡല്‍ഹി: പിസ ഡെലിവറി ബോയിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 72 പേര് നിരീക്ഷണത്തില്‍. എന്നാല്‍ നിരീക്ഷണത്തിലുള്ളവരെ ഇതുവരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടില്ലെന്ന് ദക്ഷിണ ഡല്‍ഹി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
മാളവ്യ നഗറിലെ പ്രസിദ്ധമായ പിസ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാള്‍ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. അധികൃതര്‍ ഇയാളുടെ സഹപ്രവര്‍ത്തകരായ 16 പേരെ ക്വാറന്റൈന് ചെയ്തിരുന്നു.
തുടര്‍ന്നാണ് ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട 72 പേരോട് നിരീക്ഷണത്തിലിരിക്കാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. നിരീക്ഷണത്തിലുള്ളവര്‍ക്ക് കോവിഡ് ലക്ഷണം കാണിച്ചാല്‍ ഉടന്‍ തന്നെ ചികിത്സ തേടണമെന്നും ദക്ഷിണ ഡല്‍ഹി ജില്ലാ മജിസ്ട്രേറ്റ് അറിയിച്ചു.
അതേസമയം, രാജ്യത്ത് കോവിഡ് 19 രോഗബാധിതരുടെ എണ്ണം 12,000 പിന്നിട്ടു. നിലവിൽ 12,380 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മരണസംഖ്യയും രാജ്യത്ത് ഉയരുകയാണ്.
414 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഓരോ ദിവസവും ആയിരത്തിന് മുകളിൽ കേസുകൾ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്നതു വലിയ ആശങ്കയ്ക്കാണ് ഇടയാക്കുന്നത്.