കാമറക്കണ്ണുകളാല്‍ മറ്റുള്ളവന്റെ ദാരിദ്ര്യം ഒപ്പിയെടുത്ത് സോഷ്യൽ മീഡിയയിൽ ഇട്ട് വൈറലാവുന്നതാണ് ഇപ്പോഴത്തെ ട്രെന്റ് . ദരിദ്രനായ ഒരു കുട്ടിക്ക് ഒരാള്‍ പീസ വാങ്ങി നല്കുന്ന കാഴ്ചയാണ് സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഇന്സറ്റഗ്രാമിലെത്തിയ ദൃശ്യങ്ങളില്‍ അമിത് കുമാര്‍ ഗുപ്ത എന്നയാളാണുള്ളത്. ഇയാള്‍ കാറില്‍ പോകുമ്പോള്‍ ഒരു കുട്ടിയെ കാണുകയും അവനുമായി സംഭാഷിക്കുകയും ചെയ്യുന്നു. കുട്ടിയോട് എന്ത് ഭക്ഷണമാണ് ഇഷ്ടമെന്ന് അമിത് ചോദിക്കുന്നു. പീസ തനിക്ക് വലിയ ഇഷ്ടമാണ്. പക്ഷേ അത് വളരെ വിലയേറിയതാണെന്നും കുട്ടി പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരുവട്ടം അത് കഴിച്ചിരുന്നു. അതിന്റെ രുചി തന്റെ നാവിലുണ്ടെന്നും കുട്ടി പറയുന്നു.
പിന്നാലെ ഇയാള്‍ കുട്ടിക്ക് ഒരു പീസയും ഒരു കുപ്പി ജ്യൂസും നല്കുന്നു. ഭവനരഹിതനായ ആ ആണ്‍കുട്ടി ബസ് സ്റ്റോപ്പില്‍ ഇരുന്നത് കഴിക്കുന്നു. ഇക്കാര്യത്തില്‍ നന്മയുണ്ടെങ്കിലും അത് കാമറയ്ക്ക് മുന്നില്‍ എത്തുന്നത് ആ നന്മയുടെ ശോഭ കെടുത്തുന്നുവെന്ന് നെറ്റിസണ്‍സില്‍ ചിലര്‍ പറഞ്ഞു.
എന്നിരുന്നാലും ഇത്ര പോലും ചെയ്യാത്തവര്‍ ഉണ്ടല്ലൊ എന്ന് മറുപക്ഷവും ചോദിക്കുന്നു. “ആ കുട്ടിയുടെ സന്തോഷം മാത്രം ശ്രദ്ധിക്കൂ’ എന്ന് വേറെ ചിലരും കുറിക്കുന്നു.