ലക്നോ: പരാതി നൽകാനെത്തിയ ആളോട് വനിതാ എസ്ഐ ആവശ്യപ്പെട്ടത് പിസ..! ഉത്തർപ്രദേശിലെ ലക്നോവിലാണു സംഭവം. പരാതിക്കാരനായ റസ്റ്റോറന്റ് ഉടമസ്ഥനോടാണ് പോലീസുകാരി പിസ കൈക്കൂലിയായി ആവശ്യപ്പെട്ടത്.
തന്റെ ഭക്ഷണശാലയിൽ ഭക്ഷണം കഴിച്ച് പണം നൽകായെ മുങ്ങിയ ആൾക്കെതിരേ പരാതി നൽകാനാണ് രോഹിത് ബെറി ഹസ്രത്ഗഞ്ച് പോലീസ് സ്റ്റേഷനിലെത്തിയത്. പരാതി സ്വീകരിച്ച് എഫ്ഐആർ തയാറാക്കിയ ഉദ്യോഗസ്ഥ, എഫ്ഐആറിന്റെ പകർപ്പ് എടുക്കുന്ന സമയത്തിനുള്ളിൽ പിസ സ്റ്റേഷനിലെത്തിക്കാൻ ആവശ്യപ്പെട്ടു.
എഫ്ഐആറിന്റെ പകർപ്പ് ലഭിക്കാൻ അവർ ഭക്ഷണം ആവശ്യപ്പെട്ടു. ഞങ്ങൾ അതു നൽകി. എന്നാൽ സമൂഹമാധ്യമങ്ങളിൽ വിഷയം ചർച്ചയായതോടെ ഉദ്യോഗസ്ഥ പിസയും പണവും തിരികെ നൽകി- രോഹിത് ബെറി പറയുന്നു.
“കൈക്കൂലി’ വിവാദമായതോടെ വനിതാ ഉദ്യോഗസ്ഥയെ അന്വേഷണ വിധേയമായി സർവീസിൽനിന്നു സസ്പെൻഡ് ചെയ്തു.