മൊബൈൽ ആപ്ലിക്കേഷനിലൂടെ പിസ ഓർഡർ ചെയ്തയാൾക്ക് നഷ്ടമായത് 95,000 രൂപ. ബംഗളൂരുവിലാണ് സംഭവം. പ്രശസ്തമായ ഒരു ഭക്ഷണശൃംഖലയുടെ മൊബൈൽ ആപ്ലീക്കേഷനിലൂടെ പിസ ഓർഡർ ചെയ്ത ടെക്കിക്കാണ് പണം നഷ്ടമായത്.
കൊറമംഗല സ്വദേശിയായ ഇയാളുടെ പേര് എൻ.വി. ഷെയ്ഖ് എന്നാണ്. ഡിസംബർ ഒന്നിനാണ് ഇയാൾ പിസ ഓർഡർ ചെയ്തത്. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞിട്ടും പിസ എത്തിയില്ല. പിന്നീട് ഇയാൾ ഗൂഗിളിൽ തിരഞ്ഞപ്പോൾ ലഭിച്ച ആപ്ലിക്കേഷന്റെ കസ്റ്റമർ കെയർ നമ്പരിലേക്ക് വിളിച്ചു. പണം അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്ത് നൽകുമെന്നാണ് അവിടെ നിന്നും കിട്ടിയ അറിപ്പ്.
ഇതിനായി ഫോണിലേക്ക് ഒരു സന്ദേശം ലഭിക്കുമെന്നും അതിൽ കാണുന്ന ലിങ്കിൽ കയറി റീഫണ്ട് റിക്വസ്റ്റ് ചെയ്താൽ മതിയെന്നും ഷെയ്ഖിനോട് അറിയിച്ചു. ഇതനുസരിച്ച് ഫോണിൽ ലഭിച്ച ലിങ്കിൽ കയറിയ ഷെയ്ഖിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങൾ മോഷ്ടാക്കൾ മനസിലാക്കുകയും 95,000 രൂപ തട്ടിയെടുക്കുകയുമായിരുന്നു.
ഇദ്ദേഹം മാഡിവാല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ കമ്പനിക്ക് കസ്റ്റമർ കെയർ ഇല്ലെന്ന് ഭക്ഷണശൃംഖല അധികൃതർ പറഞ്ഞു. ഇമെയിൽ, ചാറ്റ് സർവീസ് മാത്രമാണുള്ളതെന്നും അവർ അറിയിച്ചു. അമ്മയുടെ ചികിത്സയ്ക്കായി കുരുതിയ പണമായിരുന്നു ഇതെന്ന് ഷെയ്ഖ് പറഞ്ഞു.