സ്വന്തം ലേഖകൻ
കണ്ണൂർ: സിപിഎം സംസ്ഥാന സമിതി അംഗം പി. ജയരാജനുമായി ബന്ധപ്പെട്ട് ഉയർന്ന വ്യക്തിപൂജ വിവാദം അവസാനിപ്പിക്കാൻ സിപിഎം തീരുമാനം.
ആരോപണങ്ങൾ അന്വേഷിക്കാൻ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി നിയോഗിച്ച മൂന്നംഗ കമ്മീഷന്റെ റിപ്പോർട്ട് ജില്ലാ സെക്രട്ടേറിയറ്റ് വിശദമായി ചർച്ച ചെയ്തശേഷമാണ് തീരുമാനത്തിലെത്തിയത്. ഇതോടെ പ്രശ്നം അവസാനിപ്പിക്കാനാണ് സിപിഎം നീക്കം.
വ്യക്തിപ്രഭാവം വർധിപ്പിക്കാനുള്ള ശ്രമങ്ങൾക്കു പിന്നിൽ പി. ജയരാജന് പങ്കില്ലെന്നാണ് എ.എൻ. ഷംസീർ, ടി.ഐ. മധുസൂദനൻ, എൻ. ചന്ദ്രൻ എന്നിവരടങ്ങിയ കമ്മീഷന്റെ കണ്ടെത്തൽ.
മൂന്നംഗ അന്വേഷണ കമ്മീഷൻ കഴിഞ്ഞദിവസമാണ് റിപ്പോർട്ട് സമർപ്പിച്ചത്. പി. ജയരാജനെ ഉയർത്തിക്കാട്ടുന്ന പാട്ടുകളും ബോർഡുകളും സോഷ്യൽ മീഡിയ പ്രചാരണങ്ങളും മുദ്രാവാക്യങ്ങളുമൊക്കെ പാർട്ടിക്കകത്ത് വലിയ ചർച്ചയായിരുന്നു.
സംഭവത്തിൽ പി. ജയരാജന് പങ്കില്ലെങ്കിലും വിവാദത്തിനുപിന്നിൽ പി. ജയരാജൻ മുൻകൈയെടുത്ത് പാർട്ടിയിലേക്കെത്തിച്ച അമ്പാടിമുക്കിലെ പ്രവർത്തകരാണെന്ന് അന്വേഷണ കമ്മീഷൻ കണ്ടെത്തിയിട്ടുണ്ട്.
ബിജെപി വിട്ടുവന്ന അമ്പാടിമുക്കിലെ പ്രവർത്തകർ പി. ജയരാജൻ സ്തുതിക്കു പിന്നിൽ പ്രവർത്തിച്ചതായാണ് കണ്ടെത്തൽ. എന്നാൽ ഇത് പി. ജയരാജന്റെ അറിവോടെയല്ലെന്നും വ്യക്തമായിട്ടുണ്ട്. ഈ വിഷയത്തിൽ തുടർനടപടി ആവശ്യമില്ലെന്ന കമ്മീഷൻ നിലപാടാണ് ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചത്.
വ്യക്തിപ്രഭാവം വളർത്താൻ പി. ജയരാജൻ മനപൂർവം ശ്രമിച്ചതായുള്ള ആരോപണം പാർട്ടിക്കകത്ത് ഉയർന്നിരുന്നു. ഇക്കാര്യങ്ങളിൽ പി. ജയരാജൻ ജാഗ്രത കാട്ടിയില്ലെന്ന വിമർശനം സംസ്ഥാന കമ്മിറ്റിയിലും ഉയർന്നിരുന്നു. വിഷയം ജില്ലാ കമ്മിറ്റിക്കു വിട്ടതോടെയാണ് ഇക്കാര്യം പരിശോധിക്കാൻ മൂന്നംഗ കമ്മീഷനെ നിയോഗിച്ചത്.
സംഘ്പരിവാർ സംഘടനകളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന കണ്ണൂർ തളാപ്പിലുള്ള ഒരുകൂട്ടം ആളുകൾ നേരത്തെ സിപിഎമ്മിലേക്ക് വന്നിരുന്നു.
അമ്പാടിമുക്ക് സഖാക്കൾ എന്നാണ് ഇവർ അറിയപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയയിലും അമ്പാടിമുക്ക് സഖാക്കൾ വളരെ സജീവമായിരുന്നു.
അതിനിടെയാണ് പിണറായി വിജയനെ അർജുനനായും പി. ജയരാജനെ ശ്രീകൃഷ്ണനായും ചിത്രീകരിക്കുന്ന വലിയ ബോർഡുകൾ അമ്പാടിമുക്ക് സഖാക്കളുടേതായി ഉയർന്നത്.
പിജെ ആർമി എന്നപേരിൽ സമൂഹമാധ്യമങ്ങളിൽ പി. ജയരാജനെ ഉയർത്തിക്കാട്ടുന്ന നിരവധി പോസ്റ്റുകളും നിരന്തരം വന്നുതുടങ്ങി. പി.ജയരാജനെ പുകഴ്ത്തുന്ന പാട്ടുകളും വന്നു. എന്നാൽ ഇതിനെയൊക്കെ പി. ജയരാജൻ തള്ളിപ്പറയുകയായിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തോറ്റശേഷം പി.ജയരാജന് ജില്ലാ സെക്രട്ടറിസ്ഥാനം തിരികെ നൽകാത്തതിലും നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാത്തതിലും സമൂഹമാധ്യമങ്ങളിൽ പരസ്യമായ പ്രതികരണങ്ങൾ ഉയർന്നതും പാർട്ടിക്കുള്ളിൽ ചർച്ചയായി.
പരസ്യമായി പാർട്ടി നേതൃത്വത്തെ വിമർശിച്ച അമ്പാടിമുക്ക് സഖാക്കളിലെ പ്രമുഖനായ ധീരജ് കുമാറിനെ സിപിഎമ്മിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു.
തന്റെപേരിൽ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധമില്ലെന്ന് അന്നുതന്നെ പി. ജയരാജൻ വ്യക്തമാക്കിയിരുന്നു.
പിജെ ആർമി എന്നപേരിൽ ഇറങ്ങിയിട്ടുള്ള ഗ്രൂപ്പുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലെന്ന് ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെയും വ്യക്തമാക്കിയിരുന്നു.