കോട്ടയം: ഒന്നാമൻ ആരെന്നതിനെച്ചൊല്ലി കേരള കോണ്‍ഗ്രസ് നേതൃത്വത്തിൽ ഗ്രൂപ്പുതിരിഞ്ഞ കലാപം കൂടുതൽ രൂക്ഷമായി. വിട്ടുവീഴ്ചയില്ലാത്ത സമീപനം ജോസ്-ജോസഫ് ഗ്രൂപ്പുകൾ പരസ്യമാക്കുകയും തർക്കം കൂടുതൽ അകൽച്ചയിലേക്കു നീങ്ങുകയും ചെയ്തതോടെ ഒത്തുതീർപ്പുശ്രമങ്ങൾ ഫലപ്രാപ്തിയിലെത്താൻ സാധ്യത മങ്ങി.
കോടതി കേസ്, കത്തെഴുത്ത്, പ്രസ്താവന തുടങ്ങിയവ തർക്കം കൂടുതൽ കലുഷിതമാക്കിയതോടെ ചെയർമാൻ, നിയമസഭാകക്ഷി നേതൃസ്ഥാനത്തെച്ചൊല്ലിയുള്ള കലാപം പുതിയ മാനങ്ങളിലേക്കു കടക്കുകയാണ്. താത്കാലികമെങ്കിലും ചെയർമാൻ പദവി ജോസഫിന് എന്ന പേരിൽ ഇലക്ഷൻ കമ്മീഷന് കത്ത് നൽകിയെന്നത് സത്യവിരുദ്ധമെന്ന് ജോസ് കെ. മാണിയെ അനുകൂലിക്കുന്നവർ പറഞ്ഞു. എന്നാൽ ഇത്തരത്തിൽ കത്ത് നൽകിയിട്ടില്ലെന്നാണ് ജോസഫ് വിഭാഗം ന്യായീകരിക്കുന്നത്.
ചിലരുടെ സ്വാർഥതാൽപര്യത്തിനുവേണ്ടി പാർട്ടിയെ തകർക്കാനാണ് ശ്രമമെന്നും ജനാധിപത്യ രീതിയിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടതെന്നും ജോസ് കെ. മാണി ഇന്നലെ പ്രസ്താവിച്ചു. കേരള കോണ്‍ഗ്രസ് എം എംഎൽഎമാരുടെയും എംപിമാരുടെയും യോഗം ചേർന്നു ചർച്ച നടത്താൻ ഒരാഴ്ചയായി തുടരുന്ന ശ്രമങ്ങൾ നടപ്പായില്ല. മോൻസ് ജോസഫ് കഴിഞ്ഞ ദിവസം ന്യൂസിലൻഡിലേക്കു പോകുകയും ചെയ്തു.
ചെയർമാനെ കെ.എം. മാണി അനുസ്മരണദിനത്തിൽ തെരഞ്ഞെടുക്കുന്നതിനെതിരേ ജോസ് കെ. മാണി വിഭാഗത്തിനുവേണ്ടി കൊല്ലം ജില്ലാ സെക്രട്ടറി മനോജ് കോടതിയിൽ നൽകിയ കേസ് നിലനിൽക്കുന്നതിനാൽ ഓഗസ്റ്റ് മൂന്നു വരെ സംസ്ഥാന കമ്മിറ്റി വിളിക്കാനാവില്ല.ചെയർമാനുള്ള അധികാരങ്ങളെല്ലാം വർക്കിംഗ് ചെയർമാനുമുണ്ട്. ഇത് അംഗീകരിക്കാൻ തയാറാകാത്തതാണു പ്രശ്നങ്ങൾക്കു കാരണമെന്നാണ് പി.ജെ. ജോസഫിന്റെ നിലപാട്.
സംസ്ഥാന കമ്മിറ്റി ചേർന്നു വേണം ചെയർമാനെ തെരഞ്ഞെടുക്കേണ്ടതെന്ന വാദം നേരത്തെ ജോസ് വിഭാഗം ഉയർത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയിലെ ഭൂരിപക്ഷം അംഗങ്ങളുടെ വികാരമാണു മാനിക്കേണ്ടതെന്ന് ഇദ്ദേഹം വ്യക്തമാക്കി.
അതേസമയം കേരള കോണ്‍ഗ്രസിന്റെ സ്ഥാപനം മുതൽ ഇതിനുവേണ്ടി അധ്വാനിക്കുകയും ത്യാഗങ്ങൾ അനുഷ്ഠിക്കുകയും ചെയ്ത സാധാരണ പ്രവർത്തകർക്ക് ഗ്രൂപ്പ് തർക്കത്തിൽ കടുത്ത അമർഷവും വേദനയുമുണ്ടെന്ന് സി.എഫ്. തോമസ് പറഞ്ഞു.
മൂന്നാം നിര നേതാക്കളെയും ഏതാനും പ്രവർത്തകരെയും നിരത്തിലിറക്കി കോലം കത്തിക്കുകയും പ്രസ്താവനയിറക്കുകയും ചെയ്യുന്ന സമീപമാണ് പ്രശ്നം കൂടുതൽ കലുഷിതമാക്കുന്നതെന്ന് ജോയി ഏബ്രഹാം പറഞ്ഞു. യുഡിഎഫിനുതന്നെ കളങ്കമായിരിക്കുന്ന കേരള കോണ്‍ഗ്രസിലെ ഏറ്റുമുട്ടൽ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് കോട്ടയം ഡിസിസിയും രംഗത്തുവന്നു.
തർക്ക പരിഹാരത്തിന് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടൽ ആവശ്യപ്പെട്ട് കോട്ടയം ഡിസിസി പ്രമേയം പാസാക്കി. കേരള കോണ്‍ഗ്രസിലെ അധികാര തർക്കം തെരുവ് യുദ്ധമായി മാറിയ സാഹചര്യത്തിൽ യുഡിഎഫ് നേതൃത്വം ഇടപെട്ട് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണു കോട്ടയം ഡിസിസി യോഗത്തിൽ നേതാക്കൾ ആവശ്യപ്പെട്ടത്. ജില്ലയിലെ യുഡിഎഫ് സംവിധാനം ശിഥിലമാകുവാൻ ഇടയാകുന്ന സാഹചര്യത്തിൽ കാഴ്ചക്കാരായി നോക്കി നിൽക്കുവാൻ സാധിക്കില്ല.
ലോക്സഭ തെരഞ്ഞെടുപ്പ് വിജയത്തിന്റെ ശോഭ നശിപ്പിക്കുന്ന സാഹചര്യമാണ് നിലവിലുള്ളത്. സാധാരണ പ്രവർത്തകർക്ക് അവസരം ലഭ്യമാകുന്ന തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തിൽ യുഡിഎഫിന്റെ തകർച്ച അംഗീകരിക്കാനാവില്ല. വിറകുവെട്ടുവാനും വെള്ളം കോരുവാനും മാത്രമാണു കോണ്‍ഗ്രസ് എന്ന മനോഭാവം മാറേണ്ടതുണ്ടെന്നും പ്രമേയത്തിൽ പറയുന്നു. യോഗത്തിൽ ഡിസിസി പ്രസിഡന്റ് ജോഷി ഫിലിപ്പ്, കുര്യൻ ജോയി, പി.എ. സലിം, നാട്ടകം സുരേഷ് എന്നിവർ പങ്കെടുത്തു.