തിരുവനന്തപുരം: കോട്ടയം ലോക്സഭാ സീറ്റ് വിഷയത്തിൽപ്പെട്ട് മാണി- ജോസഫ് പക്ഷങ്ങൾ തമ്മിലുള്ള തർക്കവിതർക്കങ്ങൾ തുടരവെ നിലപാട് കടുപ്പിച്ച് പി.ജെ.ജോസഫ് എംഎൽഎ. പ്രശ്നപരിഹാരത്തിന് സാധ്യതകൾ തേടി ജോസഫ് യുഡിഎഫ് നേതാക്കളുമായി സന്ദർശനം നടത്തി. എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായാണ് ജോസഫ് ബുധനാഴ്ച രാവിലെ കൂടിക്കാഴ്ച നടത്തിയത്.
മോൻസ് ജോസ്ഫ് എംഎൽഎയ്ക്കൊപ്പമാണ് പി.ജെ.ജോസഫ് ഉമ്മൻ ചാണ്ടിയെ കാണാനെത്തിയത്. കെ.സി.ജോസഫ് എംഎൽഎയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു. പത്തു മിനിറ്റ് നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ വിട്ടുവീഴ്ചകൾക്ക് തയാറല്ലെന്ന് ജോസഫ് ഉമ്മൻചാണ്ടിയെ അറിയിച്ചു. മാണി വിഭാഗവുമായി ഒരുതരത്തിലും യോജിച്ചുപോകാനാകില്ലെന്ന് ജോസഫ് അറിയിച്ചെന്നാണ് സൂചന.
ഏകപക്ഷീയമായി തീരുമാനങ്ങൾ അടിച്ചേൽപിക്കുകയാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ജോസഫ് ഉമ്മൻചാണ്ടിയോട് വ്യക്തമാക്കിയതായാണ് വിവരം. പ്രശ്നത്തിന് ഉചിതമായ രീതിയിയിൽ പരിഹാരമുണ്ടാക്കാമെന്ന് ഉമ്മൻചാണ്ടി ജോസഫിന് ഉറപ്പുനൽകിയെന്നും സൂചനകളുണ്ട്. എന്നാൽ, കൂടിക്കാഴ്ചയെക്കുറിച്ച് പ്രതികരിക്കാൻ നേതാക്കൾ തയാറായില്ല.
ഒരാളോട് മാത്രം സംസാരിച്ചതുകൊണ്ട് കാര്യമില്ലെന്നും കാര്യങ്ങൾ യുഡിഎഫാണ് തീരുമാനിക്കേണ്ടതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തെത്തിയ ജോസഫ് അറിയിച്ചു. കൂടുതൽ പ്രതികരണങ്ങൾ യുഡിഎഫ് നേതാക്കളുമായുള്ള ചർച്ചകൾക്ക് ശേഷം ആകാമെന്നും ജോസഫ് കൂട്ടിച്ചേർത്തു.കേരള കോൺഗ്രസിലെ തർക്കവിഷയത്തിൽ ഇടപെടുമെന്ന് ചൊവ്വാഴ്ച ഉമ്മൻചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
ഉമ്മൻചാണ്ടിയെ കണ്ടതിനു പിന്നാലെ കന്റോൺമെന്റ്ഹൗസിലെത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും ജോസഫ് കൂടിക്കാഴ്ച നടത്തി. ജോസഫിനും മോൻസ് ജോസഫിനുമൊപ്പം കോതമംഗലം മുൻ എംഎൽഎ ടി.യു.കുരുവിളയും പ്രതിപക്ഷ നേതാവുമായുള്ള കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.