കോട്ടയം: കോട്ടയത്ത് പി.ജെ. ജോസഫും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും തമ്മിൽ ഇന്നു നടക്കുന്ന നിർണായക ചർച്ചയിൽ ഇ.ജെ. അഗസ്തിയും പങ്കെടുക്കും.
അന്തരിച്ച കെ.എം. മാണിയുടെ വിശ്വസ്തായ ഇ.ജെ. അഗസ്തി 28 വർഷക്കാലം യുഡി എഫിന്റെ ജില്ലാ ചെയർമാനായിരുന്നു. പി.ജെ. ജോസഫ് എംഎൽഎ, മോൻസ് ജോസഫ് എംഎൽഎ, ജോസഫ് വിഭാഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടന്പിൽ എന്നിവർക്കൊപ്പമാണ് ഇ.ജെ. അഗസ്തി ഡിസിസി ഓഫീസിൽ എത്തുന്നത്.
തുടർന്നു നടക്കുന്ന ചർച്ചയിലും ഇ.ജെ. അഗസ്തി പങ്കെടുക്കും. ജില്ലയിലെ യുഡിഎഫിന്റെ തദേശ സീറ്റുകൾ വിഭജനവുമായി ബന്ധപ്പെട്ടു കേരള കോണ്ഗ്രസ് ജോസഫ് വിഭാഗവുമായിട്ടുള്ള നിർണായക ചർച്ചയാണ് ഇന്നു നടക്കുന്നത്.
ദിവസങ്ങൾക്കു മുന്പ് ചർച്ച നടത്തിയിരുന്നെങ്കിലും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയ്ക്കു പങ്കെടുക്കാൻ കഴിഞ്ഞിരുന്നില്ല. അന്നത്തെ ചർച്ചയിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംയുക്ത കേരള കോണ്ഗ്രസ്-എം മത്സരിച്ച മുഴുവൻ സീറ്റുകളും ജോസഫ് വിഭാഗം മത്സരിക്കുന്നതാണ് ഉചിതമെന്നും
ജോസ് വിഭാഗം എൽഡിഎഫിൽ എത്തിയതോടെ ജില്ലയിൽ ചില സീറ്റുകളിൽ കേരള കോണ്ഗ്രസ് ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള മത്സരമാണ് നടക്കുകയെന്നും ഈ മത്സരത്തിൽ ജോസഫ് വിഭാഗത്തിനു വിജയിക്കാൻ കഴിയുമെന്നും പി.ജെ. ജോസഫ് യുഡിഎഫ് ജില്ലാ നേതൃത്വത്തെ അറിയിച്ചിരുന്നു.
എന്നാൽ സീറ്റുകളുടെ കാര്യത്തിൽ ജോസഫ് വിഭാഗവും കോണ്ഗ്രസും വിട്ടുവീഴ്ചകൾക്കു തയാറാകുമെന്നായിരുന്നു യുഡിഎഫ് നേതാക്കൾ അറിയിച്ചിരുന്നത്. ഇന്നത്തെ ചർച്ചയിൽ ജോസഫ് വിഭാഗം സ്വീകരിക്കുന്ന നിലപാട് നിർണായകമാകുമെന്നാണ് സൂചന.
കഴിഞ്ഞ കേരള കോണ്ഗ്രസ്-എം മത്സരിച്ച മുഴുവൻ സീറ്റുകളും ഇത്തവണ ജോസഫ് വിഭാഗം ആവശ്യപ്പെടാനാണ് സാധ്യത. നിലവിലത്തെ സാഹചര്യത്തിൽ പല സീറ്റുകളിലും ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിലുള്ള മത്സരത്തിനാണ് സാധ്യത തെളിഞ്ഞിരിക്കുന്നത്.
ഇക്കാര്യങ്ങൾ പരിഗണിച്ചും മുന്നണി മര്യാദ അനുസരിച്ചുമുള്ള സീറ്റുകൾ തങ്ങൾക്കു നല്കണമെന്നും ജോസഫ് വിഭാഗം നേതാക്കൾ യോഗത്തിൽ ആവശ്യപ്പെടും. കോട്ടയം ജില്ലാ പഞ്ചായത്തിൽ 11 സീറ്റുകളിലാണ് കഴിഞ്ഞ തവണ സംയുക്ത കേരള കോണ്ഗ്രസ് എം മത്സരിച്ചത്.
അതിൽ ജോസഫ് വിഭാഗത്തിനു ലഭിച്ചത്. നാലു സീറ്റുകളായിരുന്നു. ഇത്തവണം 11 സീറ്റുകളും നല്കണമെന്നായിരിക്കും ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്. ചർച്ചയിൽ കോട്ടയം ജില്ലയ്ക്കു പുറമേ മറ്റു ജില്ലകളിലെ സീറ്റുകളെക്കുറിച്ചും ചർച്ച നടന്നേക്കും.