തൊടുപുഴ: കേരള കോൺഗ്രസ് നേതാവും തൊടുപുഴ എംഎൽഎയുമായ പി.ജെ. ജോസഫിന്റെ നിയമസഭാംഗത്വം അമ്പതാം വർഷത്തിലേയ്ക്ക്. 1970-ലാണ്അദ്ദേഹം തൊടുപുഴ നിയോജകമണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തിയത്.
തുടർന്ന് 1977,1980,1982,1987,1996, 2006, 2011, 2016 വർഷങ്ങളിൽ നടന്ന തെരഞ്ഞെടുപ്പുകളിലും അദ്ദേഹം തൊടുപുഴ മണ്ഡലത്തെ പ്രതിനിധീകരിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഏറ്റവും കൂടിയ ഭൂരിപക്ഷമായിരുന്നു ജോസഫിന്- 45,584 വോട്ടിന്റെ ഭൂരിപക്ഷം.
2001-ൽ കോണ്‍ഗ്രസിലെ പി.ടി. തോമസിനോടു മാത്രമാണ് പി.ജെ. ജോസഫ് തൊടുപുഴയിൽ അടിയറവു പറഞ്ഞത്. 1989 ൽ മൂവാറ്റുപുഴ ലോക്സഭാ മണ്ഡലത്തിലും1991-ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിലും മത്സരിച്ചു പരാജയപ്പെട്ടു.
ആഭ്യന്തരം, വിദ്യാഭ്യാസം, പൊതുമരാമത്ത്, റവന്യു, ജലവിഭവം, ഭവനനിർമാണം എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തിട്ടുള്ള ഇദ്ദേഹം തിളക്കമാർന്ന പ്രവർത്തനമാണ് ഓരോ വകുപ്പിലും കാഴ്ചവച്ചത്.
പ്രീഡിഗ്രി കോളജിൽ നിന്നു വേർപ്പെടുത്തി ഹയർസെക്കൻഡറി സംവിധാനം നടപ്പിലാക്കിയത് വിദ്യാഭ്യാസ മന്ത്രിയായിരുന്ന ഇദ്ദേഹത്തിന്റെ ഭാവനാപൂർണമായ തീരുമാനത്തിന്റെ ഫലമായിരുന്നു. ഇതു ആയിരക്കണക്കിനു വിദ്യാർഥികൾക്കു പ്രയോജനകരമായി.
മണ്ണിനെയും മണ്ഡലത്തെയും ഒരുപോലെ സ്നേഹിക്കുന്ന നിയമസഭാ സാമാജികനാണ് പി.ജെ. ജോസഫ്. കൃഷിയെക്കുറിച്ച് ഇത്രമാത്രം ശാസ്ത്രീയമായി പഠിക്കുകയും അതിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുകയും ചെയ്ത ഒരു നിയമസഭാംഗം വേറെയില്ലെന്നു തീർത്തും പറയാം.
അദ്ദേഹം ജൈവകൃഷിയുടെ ഒരു ഉപാസകൻ കൂടിയാണ്. മാലിന്യമില്ലാത്ത മലയാള നാട് എന്ന ആശയം കേരളത്തിൽ ആദ്യമായി ഉയർത്തിയതും പി.ജെയാണ്.
കേരളത്തിന്റെ കാർഷികമേഖലയ്ക്ക് ഗാന്ധിജി സ്റ്റഡി സെന്റർ ചെയർമാൻ എന്ന നിലയിൽ നൽകിയ സംഭാവന വിലമതിക്കാനാകാത്തതാണ്. ഗാന്ധിജി സ്റ്റഡി സെന്ററിന്റെ നേതൃത്വത്തിൽ വർഷങ്ങളായി നടത്തിവരുന്ന കാർഷികമേള ദേശീയ ശ്രദ്ധ ആകർഷിച്ചുകഴിഞ്ഞു.
പി.ജെ.ജോസഫ് കേരളത്തിനു നൽകിയ മറ്റൊരു ദർശനമായിരുന്നു സുസ്ഥിര വികസനം. വരുംതലമുറയുടെ വികസന ആവശ്യങ്ങൾ കൂടി മുന്നിൽക്കണ്ട് പ്രകൃതിക്ക് ഇണങ്ങുന്ന വിധത്തിൽ പദ്ധതികൾ ആസൂത്രണം ചെയ്യണമെന്ന ബോധ്യമാണ് ഇദ്ദേഹത്തിനുള്ളത്.
മുംബൈ-കന്യാകുമാരി അതിവേഗ റെയിൽപ്പാത നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുംബൈയിൽ നിന്നു കന്യാകുമാരിയിലേക്ക് അദ്ദേഹം വാഹനജാഥ നടത്തിയതു ശ്രദ്ധേയമായിരുന്നു.സ്വന്തം മണ്ഡലത്തിന്റെ വികസനം എങ്ങനെയായിരിക്കണമെന്ന ദീർഘവീക്ഷണമാണ് തൊടുപുഴ നഗരത്തിന്റെ വികസനത്തിന് അടിത്തറ പാകിയത്.
നഗരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി നിർമിച്ച ബൈപാസ് റോഡുകൾ വികസന രംഗത്ത് മറ്റു മണ്ഡലങ്ങൾക്ക് മാതൃകയാണ്.
നഗരത്തിൽ വിവിധ പ്രദേശങ്ങളിൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചു വന്നിരുന്ന സർക്കാർ ഓഫീസുകളെ ഒരു കുടക്കീഴിൽ കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച മിനി സിവിൽ സ്റ്റേഷൻ ജനങ്ങൾക്ക് നൽകിയ ആശ്വസം ചെറുതല്ല.
സംഗീതം വിട്ടൊരു ജീവിതം പി.ജെ. ജോസഫിനില്ല .പഴയകാല സിനിമാ ഗാനങ്ങൾ ഓർത്തെടുത്ത് പാടാൻ അദ്ദേഹത്തിനു പ്രത്യേക വാസന തന്നെയുണ്ട്.ഗാനരചയിതാവ് ചുനക്കാര രാമൻകുട്ടിയുടെയും സംഗീത സംവിധായകൻ ജെറി അമൽദേവിന്റെയും നിർബന്ധത്തിനു വഴങ്ങി തിരുവനന്തപുരം തരംഗിണി സ്റ്റുഡിയോയിൽ എത്തി, ഈ ശ്യാമ സന്ധു വിമൂഖം സഖീ… എന്നു തുടങ്ങുന്ന ഗാനം ആലപിച്ചപ്പോൾ ഇന്ത്യയിൽ ആദ്യമായി പിന്നണി ഗായകനായ മന്ത്രിയെന്ന വിശേഷണവും ജോസഫിന് സ്വന്തമായി.
തൊടുപുഴ വയറ്റാട്ടിൽ പാലത്തിനാൽ പി.ഒ. ജോസഫ്-അന്നമ്മ ദന്പതികളുടെ മകനായി 1941 ജൂണ്‍ 28 നായിരുന്നു പി.ജെ. ജോസഫിന്റെ ജനനം. ചെന്നൈ ലയോള കോളജിൽ നിന്നു ബിഎയും തേവര സേക്രഡ് ഹാർട്ട് കോളജിൽ നിന്നു എംഎയും നേടി.1968-ൽ കോണ്‍ഗ്രസിലൂടെ രാഷ് ട്രീയത്തിലെത്തി.
1971 സെപ്റ്റംബർ 15 നായിരുന്നു വിവാഹം. ഭാര്യ ഡോ. ശാന്ത. അപു(എൻജിനിയർ), യമുന, ആന്റണി, ജോ എന്നിവരാണ് മക്കൾ.