തൊടുപുഴ: മുട്ടം സബ് ജയിലിൽ നാളെ മുതൽ പുതിയ അതിഥികളെത്തും. മുൻ മന്ത്രി പി.ജെ. ജോസഫ് എംഎൽഎ ഓമനിച്ചുവളർത്തിയ രൂപയും അഭിമന്യുവുമാണ് ജയിലിലെ പുതിയ അതിഥികൾ. പുറപ്പുഴയിലെ വീടിനോടു ചേർന്നുള്ള തന്റെ ഫാമിലെ എച്ച്എഫ് ഇനത്തിൽപ്പെട്ട പശുവാണ് രൂപ.
പത്തു ദിവസം മുന്പാണ് മൂരിക്കിടാവിനെ പ്രസവിച്ചത്. കടിഞ്ഞൂൽ പ്രസവത്തിൽ ഡെന്മാർക്കിൽനിന്നുള്ള എച്ച്എഫ് ഇനത്തിലുള്ള ബീജം കുത്തിവച്ചുണ്ടായ മൂരിക്കിടാവിന് അഭിമന്യുവിന്റെ പേര് പി.ജെ നൽകുകയായിരുന്നു. ജയിൽ ദിനാഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം മുട്ടത്തെ സബ് ജയിലിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ജയിലിലേക്കു പശുവിനെ നൽകാമെന്നു പി.ജെ വാഗ്ദാനം ചെയ്തത്.
ജയിലിലുള്ള പ്രതികൾക്കു പശുവളർത്തലിലും കറവയിലും പരിശീലനം നൽകാനും പുറത്തിറങ്ങുന്പോൾ സ്വയം തൊഴിൽ ചെയ്തു ജീവിക്കാനും ഇവരെ പ്രാപ്തരാക്കുകയുമാണ് ലക്ഷ്യമിടുന്നതെന്നു പി.ജെ.ജോസഫ് ദീപികയോടു പറഞ്ഞു. രണ്ടേക്കറോളം വരുന്ന സ്ഥലത്താണ് ജയിൽ സ്ഥിതി ചെയ്യുന്നത്. പശുവിനെ വളർത്താനും പരിപാലിക്കാനുമുള്ള എല്ലാ സൗകര്യവും ഇവിടെയുണ്ട്. നിലവിൽ 94 പ്രതികളാണ് മുട്ടം സബ് ജയിലിലുള്ളത്.
കറവ കൂടുതലുള്ള പശുവിനെത്തന്നെ ജയിലിലേക്കു നൽകുന്നതിനായി അടുത്ത ദിവസങ്ങളിൽ ഫാമിൽ പ്രസവിച്ച പശുക്കളിൽ നിന്നാണ് രൂപയെ തെരഞ്ഞെടുത്തത്. 20 ലിറ്റർ വരെ പാൽ ലഭിക്കുമെന്നു പ്രതീക്ഷിക്കുന്ന പശുവാണിത്.
ഏതു കുറ്റവാളിക്കും പുതുജീവിതത്തിലേക്കു കടന്നുവരാനാകുമെന്നാണ് തന്റെ വിശ്വാസമെന്നും മൃഗങ്ങളെ വളർത്തുകയും പരിപാലിക്കുകയും ചെയ്യുന്പോൾ മനുഷ്യനിൽ കാരുണ്യത്തിന്റെ സഹജഭാവം നിറയുമെന്നും പി.ജെ പറയുന്നു. ജയിലിലെത്തുന്ന രൂപ ഇവിടെയുള്ളവരുടെ ജീവിതത്തിനു പുതിയ രൂപഭാവങ്ങൾ നൽകട്ടെയെന്നാണ് തന്റെ പ്രാർഥന.
നാളെ രാവിലെ 11നു മുട്ടം സബ് ജയിൽ വളപ്പിൽ ജയിൽ ഡിജിപി ഋഷിരാജ്സിംഗ്, ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ഓഫ് പ്രിസണ്സ് സാം തങ്കയ്യൻ എന്നിവർ പങ്കെടുക്കുന്ന ചടങ്ങിൽ രൂപയെയും അഭിമന്യുവിനെയും ജയിലിനു കൈമാറും. ആസ്തി വികസന ഫണ്ടിൽനിന്നു ജയിലിന് ആംബുലൻസ് അനുവദിക്കാമെന്നും എംഎൽഎ നേരത്തെ ഉറപ്പു നൽകിയിട്ടുണ്ട്.
ജെയിസ് വാട്ടപ്പിള്ളിൽ