എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ഇടഞ്ഞു നിൽക്കുന്ന ജോസഫിനു ഇടുക്കി സീറ്റ് നൽകാനാവില്ലെന്നു ഉറച്ച നിലപാടിൽ ഐ ഗ്രൂപ്പ്. കേരള കോൺഗ്രസിനു നൽകിയ കോട്ടയം സീറ്റിൽ വേണമെങ്കിൽ ജോസഫിനെ മത്സരിപ്പിക്കട്ടെ അല്ലാതെ ഇടുക്കി സീറ്റ് നൽകാനാവില്ലെന്ന ഉറച്ച നിലപാടിലാണ് ഐ ഗ്രൂപ്പ്.
ഇവിടെ മൂവാറ്റുപുഴ മുൻ എം.എൽ.എയും കെ.പി.സി.സി ജനറല്് സെക്രട്ടറിയുമായ ജോസഫ് വാഴയ്ക്കനെ മത്സരിപ്പിക്കണമെന്ന ശക്തമായ ആവശ്യമാണ് ഐ ഗ്രൂപ്പിനുള്ളത്. തെരഞ്ഞെടുപ്പിനു ശേഷം ജോസഫുമായി ചർച്ചയാകാമെന്നും നിലവിലെ സാഹചര്യത്തിൽ ഇടുക്കി സീറ്റ് നൽകാനാകില്ലെന്നും ഐ ഗ്രൂപ്പ് സമവായ ചർച്ചയിൽ അറിയിക്കും.
ഇതു കൂടാതെ ഐ ഗ്രൂപ്പ് മത്സരിക്കുന്ന മണ്ഡലങ്ങളിലെ സാധ്യത പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. കാസർഗോഡ് സുബ്ബറായ്, കെഎസ് യു സംസ്ഥാന വൈസ് പ്രസിഡന്റ് വിപി റഷീം, കണ്ണൂർ കെ സുധാകരൻ, വടകര മുല്ലപ്പള്ളി രാമചന്ദ്രൻ,പാലക്കാട് വി.കെ ശ്രീകണ്ഠൻ, ആലത്തൂർ വണ്ടൂർ എം.എൽ.എയും മുൻ മന്ത്രിയുമായ എപി അനിൽകുമാർ, ഇടുക്കി ജോസഫ് വാഴയ്ക്കൻ എന്നിവരാണ് അവർ.
തൃശൂരിൽ മൂന്നുപേർ ലിസ്റ്റിലുണ്ട്. ടിഎൻ പ്രതാപൻ, ഷാജി കോറങ്ങത്ത്, ജോസ് വളളൂർ, ആലപ്പുഴ -ഷാനിമോൾ ഉസ്മാൻ,ബാബു പ്രസാദ്,അടൂർ പ്രകാശ്, വയനാട് -ഷാനിമോൾ ഉസ്മാൻ, കെ.പി.സി.സി സെക്രട്ടറി അബ്ദുൾ മജീദ്, മുൻ സ്റ്റേറ്റ് അറ്റോണിക് ജനറൽ അഷറഫലി, എറണാകുളം -വി.ജെ പൗലോസ്, ചാലക്കുടി- മാത്യു കുഴൽനാടൻ, ആറ്റിങ്ങൽ -അടൂർ പ്രകാശ്, കെപി.സിസി സെക്രട്ടറി എംഎം നസീർ എന്നിവരാണ് ഐ ഗ്രൂപ്പിന്റെ അന്തിമ പട്ടികയിൽ ഉള്ളത്.
ഇന്നു വൈകുന്നേരം അല്ലെങ്കിൽ നാളെ സ്ഥാനാർഥി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. ഇന്നു വൈകുന്നേരം കേരളത്തിലെ കോൺഗ്രസ് നേതൃത്വം ചർച്ച നടത്തുന്നുണ്ട്. ഇതിലായിരിക്കും ഐ ഗ്രൂപ്പ് തങ്ങളുടെ സ്ഥാനാർഥി പട്ടിക കൈമാറുന്നത്. ഇടുക്കി സീറ്റ് ജോസഫിന് വിട്ടു നൽകാനാകില്ലെന്ന ഉറച്ച നിലപാട് രാഹുലുമായുള്ള ചർച്ചയിലും ഐ ഗ്രൂപ്പ് മുന്നോട്ട് വച്ചിട്ടുണ്ട്.
ഐ ഗ്രൂപ്പിന്റെ ശക്തമായ എതിർപ്പ് നിലനിൽക്കുന്നതിനാൽ നിലവിലെ സാഹചര്യത്തിൽ ജോസഫിന് സീറ്റ് ലഭിക്കാനുള്ള സാധ്യത വിരളമാണ്. ഇല്ലെങ്കിൽ ഹൈക്കമാൻഡിന്റെ ഭാഗത്തു നിന്നുള്ള ഇടപെടൽ ഉണ്ടാകണം.