യുഡിഎഫ് നടത്തുന്ന രാപ്പകല്‍ സമരത്തിന് പിന്തുണയുമായി പി.ജെ. ജോസഫ്. തൊടുപുഴയില്‍ നടത്തിയ പൊതുസമ്മേളനത്തിലാണ് ജോസഫ് വേദിയിലെത്തിയത്. പതിനഞ്ചുമിനിറ്റോളം പ്രസംഗിച്ച അദേഹം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരേ ആഞ്ഞടിക്കുകയും ചെയ്തു. യുഡിഎഫുമായി യാതൊരു ബന്ധവുമില്ലെന്ന് കെ.എം. മാണി പ്രഖ്യാപിച്ചിരുന്നു. ജോസഫിന്റെ സമരത്തിനെത്തിയത് മാണി കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം, തൊടുപുഴയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന് ജോസഫിന്റെ വരവ് ആവേശമാകുകയും ചെയ്തു.
രാപ്പകല്‍ സമരത്തിന്റെ ഉദ്ഘാടനം സെക്രട്ടേറ്റിയറ്റിന് മുന്നില്‍ കെപിസിസി പ്രസിഡന്റ് എംഎം ഹസന് നിര്‍വഹിച്ചു. കൊല്ലം കളക്ട്രേറ്റിനു മുന്നിലെ ധര്‍ണ എന്‍കെ പ്രേമചന്ദ്രന് എംപിയും പത്തനംതിട്ടയില്‍ ജനതാദള്‍ ദേശീയ സെക്രട്ടറി ഡോ. വര്‍ഗീസ് ജോര്‍ജും ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ എംപിയും കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എയും എറണാകുളത്ത് മുന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനും ഇടുക്കിയില്‍ കേരള കോണ്‍ഗ്രസ് (ജേക്കബ്) ചെയര്മാന് ജോണി നെല്ലൂരും തൃശ്ശൂരില്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും പാലക്കാട്ട് വിഎസ് ശിവകുമാര്‍ എംഎല്‍എയും നിര്‍വഹിച്ചു.