കോട്ടയം: ജില്ലയിലെ കടുത്തുരുത്തി ഒഴികെ എട്ടും സീറ്റും വേണമെന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം നിലപാട് എടുത്തതോടെ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള സീറ്റുവിഭജനം തലവേദനയാകുമെന്ന് ഉറപ്പായി.
സിറ്റിംഗ് സീറ്റായ കടുത്തുരുത്തിക്കും ചങ്ങനാശേരിക്കും പുറമേ പാലാ, ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളാണ് ജോസഫ് വിഭാഗം ആവശ്യപ്പെടുന്നത്.
ഇതിൽ പാലാ വിട്ടു നൽകാൻ തയാറാണെങ്കിലും ഏറ്റുമാനൂർ, പൂഞ്ഞാർ സീറ്റുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയ്ക്കും തയാറല്ലെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്.
ഈ രണ്ടു സീറ്റുകളിലും മത്സരിക്കാൻ ജോസഫ് വിഭാഗത്തിൽ നിരവധി നേതാക്കൾ ഇതിനോടകം രംഗത്ത് എത്തിയിട്ടുമുണ്ട്. പൂഞ്ഞാർ, ഏറ്റുമാനൂർ, പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകൾ നോട്ടമിട്ട് കോണ്‍ഗ്രസിലും നിരവധി നേതാക്കളാണ് രംഗത്തുള്ളത്.