തൊടുപുഴ: ജില്ലാ ആയുർവേദാശുപത്രിയുടെ പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനത്തിനായി അധ്യക്ഷ സ്ഥാനം വഹിക്കേണ്ട എംഎൽഎയെ കാത്ത്് ഉദ്ഘാടകനായ മന്ത്രി ഇന്നലെ രാവിലെ ഒന്പതിനു മന്ത്രി സ്ഥലത്ത് എത്തിയെങ്കിലും പി.ജെ. ജോസഫ് എംഎൽഎ വരാൻ വൈകി. പുതിയ മന്ദിരത്തിന് മുന്നിൽ നാട മുറിക്കാനുള്ള സംവിധാനങ്ങളുമായി ഡിഎംഒയും സംഘവുമെല്ലാം തയാറായി.
എംഎൽഎ എത്താൻ പിന്നെയും വൈകുമെന്ന് അറിഞ്ഞതോടെ ആശുപത്രിയിലെ പുതിയ ഫാർമസിയുടെ ഉദ്ഘാടനം നിർവഹിക്കാൻ പഴയ ബ്ലോക്കിലേക്ക് മന്ത്രിയും ഉദ്യോഗസ്ഥരും നീങ്ങി. മടങ്ങിയെത്തി യോഗം ആരംഭിക്കുന്പോഴും അധ്യക്ഷസ്ഥാനം വഹിക്കേണ്ട എംഎൽഎ വന്നില്ല.
സ്വാഗതപ്രസംഗത്തിനു ശേഷം മന്ത്രിയെ ഉദ്ഘാടനത്തിനായി ക്ഷണിച്ചപ്പോൾ എംഎൽഎയെ ഒഴിവാക്കി ഉദ്ഘാടനം നടത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി പറഞ്ഞു. ഇതുകേട്ടുകൊണ്ട് ചിരിയോടെ പി.ജെ.ജോസഫ് വേദിയിലേയ്ക്ക് കടന്നുവന്നപ്പോൾ ഇരുവരും ഹസ്തദാനവും നൽകി. തുടർന്ന് ഉദ്ഘാടനവും നടന്നു.
തൊടുപുഴ മണ്ഡലത്തിലെ സർക്കാർ പരിപാടികളിൽ പ്രോട്ടോകോൾ ലംഘിക്കുന്നുവെന്നു പി.ജെ.ജോസഫ് അടുത്ത നാളിൽ വിമർശനം ഉന്നയിച്ചിരുന്നു. ജില്ലാ ആശുപത്രിയിലെ കീമോതെറാപ്പി യൂണിറ്റിന്റെ ഉദ്ഘാടനം അടക്കമുള്ള ചടങ്ങുകളിൽ അധ്യക്ഷനാക്കാത്തതിൽ പ്രതിഷേധിച്ച് എംഎൽഎ പരിപാടികളിൽ പങ്കെടുത്തിരുന്നില്ല.