തിരുവനന്തപുരം: വനത്തിനുള്ളിൽ ആവശ്യത്തിനു തടയണ നിർമിച്ചും കുളങ്ങൾ കുഴിച്ചും കാട്ടാന ശല്യം ഒഴിവാക്കാമെന്ന് പി.ജെ. ജോസഫ്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാട്ടിൽ വെള്ളവും തീറ്റയും കിട്ടാത്തതു കൊണ്ടാണ് ആന നാട്ടിലേക്കിറങ്ങുന്നത്. തടയണ നിർമിച്ചാൽ കുടിവെള്ളം ഇല്ലാത്ത സ്ഥിതി മാറും. മുളയും ഈറ്റയും വളർത്തിയാൽ ഭക്ഷണവും ലഭിക്കും. വനത്തിൽ അക്കേഷ്യ വളർത്തുന്ന ഇപ്പോഴത്തെ രീതി അവസാനിപ്പിക്കണം.
റാന്നിയിൽ വനത്തിനുള്ളിൽ കുളങ്ങൾ കുഴിക്കാൻ തന്റെ നേതൃത്വത്തിലുള്ള ഗാന്ധിജി സ്റ്റഡി സെന്റർ വനംവകുപ്പിന്റെ അനുമതി തേടും. ടാറ്റായുടെ നാലടി ഉയരമുള്ള തുരുന്പിക്കാത്ത ഫെൻസിംഗ് ഉപയോഗിച്ചാൽ പന്നി ശല്യം ഒഴിവാക്കാം. വനത്തിനുള്ളിൽ പ്ലാവും ആഞ്ഞിലിയും വളർത്തിയാൽ ഭക്ഷണത്തിനായി കുരങ്ങുകൾ നാട്ടിലേക്ക് ഇറങ്ങുന്നതും ഒഴിവാക്കാം.
സംസ്ഥാനത്ത് പെയ്തിറങ്ങുന്ന മഴയിൽ ലഭിക്കുന്ന വെള്ളമത്രയും ഇവിടെ തന്നെ കെട്ടി നിർത്താൻ സാധിച്ചാൽ വരുമാനത്തിൽ പത്തിരട്ടി വരെ വർധന നേടാൻ സാധിക്കുമെന്നും പി.ജെ. ജോസഫ് ചൂണ്ടിക്കാട്ടി.