കൊച്ചി: അനൂപ് ജേക്കബിനെയും മാണി സി. കാപ്പനെയും ഉള്‍പ്പെടെ നാല് എംഎല്‍എമാരെ തങ്ങളില്‍ ചേര്‍ത്താലും കേരള കോണ്‍ഗ്രസിന് പാര്‍ട്ടി അംഗീകാരം ലഭിക്കാന്‍ സാങ്കേതിക തടസങ്ങള്‍ ഏറെ.
തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകൃത പാര്‍ട്ടിയാകണമെങ്കില്‍ ആറ് ശതമാനത്തില്‍ കൂടുതല്‍ വോട്ട് പാര്‍ട്ടിക്ക് ലഭിക്കണം.നിലവില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് അഞ്ച് ശതമാനം വോട്ടാണ് ലഭിച്ചിട്ടുള്ളത്. ഇത് പാര്‍ട്ടിക്ക് അംഗീകാരം ലഭിക്കുന്നതിന് തടസമാണ്.
നാല് എംഎല്‍എമാര്‍ അല്ലെങ്കില്‍ ഒരു എംപിയുടെ പിന്തുണ ലഭിക്കുകയാണെങ്കില്‍ പാര്‍ട്ടിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം ലഭിക്കും. നിലവിലെ സാഹചര്യത്തില്‍ ഇങ്ങിനെയൊരു ചിന്ത പോലുമില്ലെന്നും പാര്‍ട്ടി ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.
തെരഞ്ഞെടുപ്പിന് മുമ്പ് അനൂപ് ജേക്കബുമായും മാണി സി. കാപ്പനുമായും ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും അത് ഫലപ്രദമായിരുന്നില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ഒറ്റക്കക്ഷിക്കും മന്ത്രിസ്ഥാനം ലഭിക്കുമെന്നതിനാല്‍ അനൂപ് ജേക്കബ് താത്പര്യം കാണിച്ചിരുന്നില്ല.
കാപ്പനാണെങ്കില്‍ സ്വന്തം പാര്‍ട്ടി രൂപീകരിച്ച് രണ്ടു സീറ്റുകളും മത്സരിക്കാന്‍ നേടിയ സാഹചര്യത്തില്‍ മറ്റൊരു ലയനവും താത്പര്യപ്പെട്ടില്ല.
നിലവില്‍ പി.സി. തോമസുമായി ലയിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്റെ രജിസ്ട്രേഡ് പാര്‍ട്ടി സ്ഥാനം നേടിയെങ്കിലും ഇപ്പോഴുള്ള ട്രാക്ടര്‍ ഓടിക്കുന്ന കൃഷിക്കാരന് എന്ന ചിഹ്നം സ്ഥിരമായി അംഗീകരിച്ച് കിട്ടണമെങ്കില്‍ അംഗീകൃത പാര്‍ട്ടിയാകണം.
നിലവിലെ സാഹചര്യത്തില്‍ നാല് എംഎല്‍എമാരെ കൂടെ കൂട്ടിയാലും ഇത് പര്യാപ്തമാകില്ലെന്നാണ് പാര്‍ട്ടിയില്‍ നിന്നും ലഭിക്കുന്ന സൂചന.