കോട്ടയം: കേരള കോണ്ഗ്രസ്-എം ജോസഫ് വിഭാഗവും ജില്ലയിലെ യുഡിഎഫ് നേതൃത്വവും തമ്മിലുള്ള സീറ്റ് ചർച്ച നവംബർ രണ്ടിനു നടക്കും. ഇന്നും നാളെയുമായി നടത്താനിരുന്ന ചർച്ച ഉമ്മൻ ചാണ്ടിയുടെ അസൗകര്യത്തെ തുടർന്നാണ് മാറ്റിവച്ചത്.
ആദ്യം ജില്ലാ പഞ്ചായത്തും തുടർന്നു ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് സീറ്റുകളും സംബന്ധിച്ചായിരിക്കും ചർച്ചകൾ നടക്കുന്നത്. പഞ്ചായത്തിലെ സീറ്റുകൾ സംബന്ധിച്ചു താഴേത്തട്ടിൽ ഏറെക്കുറെ ധാരണയായിട്ടുണ്ട്.
തർക്കമുള്ള സീറ്റുകൾ മാത്രമായിരിക്കും ഉമ്മൻ ചാണ്ടിയും പി.ജെ. ജോസഫും തമ്മിൽ ചർച്ച നടത്തി ധാരണയിലെത്തുകയെന്നും സൂചനയുണ്ട്.
ജില്ലാ യോഗത്തിനു പിന്നാലെ നിയോജകമണ്ഡലം തലത്തിൽ കമ്മിറ്റികൾ രൂപീകരിച്ച് തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഓരോ ഘടകകക്ഷിക്കുമുള്ള സീറ്റ് വിഭജനവും തുടർന്ന് സ്ഥാനാർഥി നിർണയവും നടത്തും. നവംബർ ആദ്യവാരം സ്ഥാനാർഥികളുടെ പ്രചാരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് തുടങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.
കോട്ടയം ജില്ലാ പഞ്ചായത്തിൽ സംയുക്ത കേരള കോണ്ഗ്രസ്-എം മത്സരിച്ച എല്ലാ സീറ്റുകളും നല്കണമെന്ന് പി.ജെ. ജോസഫ് ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കോണ്ഗ്രസ് നേതാക്കൾ ഈ അഭിപ്രായത്തോട് അനുകൂല നിലപാടല്ല സ്വീകരിച്ചത്. നിയമസഭാ സീറ്റുകളുടെ കാര്യത്തിലും വീട്ടുവീഴ്ചയ്ക്കു തയാറാകണമെന്നാണ് കോണ്ഗ്രസ് നേതാക്കൾ പറഞ്ഞത്.
അതേസമയം എൽഡിഎഫിനൊപ്പം ചേർന്ന കേരള കോണ്ഗ്രസ് ജോസ് വിഭാഗവും ഇടതു മുന്നണിയുമായിട്ടുള്ള സീറ്റ് വിഭജന ചർച്ചയും പുരോഗമിക്കുകയാണ്. ജയ സാധ്യതയുള്ള സീറ്റുകളായിരിക്കും ജോസ് വിഭാഗത്തിനു നല്കുകയെന്നാണ് സൂചനകൾ.