തിരുവനന്തപുരം: ലോക്സഭാ സീറ്റ് വിഷയത്തിൽ കേരള കോൺഗ്രസിലെ തമ്മിലടി മറനീക്കി പുറത്തുവന്നതിനു പിന്നാലെ പി.ജെ.ജോസഫ് എംഎൽഎ എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയെ സന്ദർശിച്ചു. തിരുവനന്തപുരത്തെ ഉമ്മൻചാണ്ടിയുടെ വസതിയിലായിരുന്നു കൂടിക്കാഴ്ച.
മോൻസ് ജോസ്ഫ് എംഎൽഎയ്ക്കൊപ്പമാണ് പി.ജെ.ജോസഫ് എത്തിയത്. കെ.സി.ജോസഫ് എംഎൽഎയും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.
ഒരാളോട് മാത്രം സംസാരിച്ചതുകൊണ്ട് കാര്യമില്ലെന്നും കാര്യങ്ങൾ യുഡിഎഫാണ് തീരുമാനിക്കേണ്ടതെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം പുറത്തെത്തിയ ജോസഫ് അറിയിച്ചു. കൂടുതൽ പ്രതികരണങ്ങൾ യുഡിഎഫ് നേതാക്കളുമായുള്ള ഔദ്യോഗിക കൂടിക്കാഴ്ചകൾക്ക് ശേഷം ആകാമെന്നും ജോസഫ് കൂട്ടിച്ചേർത്തു.
കേരള കോൺഗ്രസിലെ തർക്കവിഷയത്തിൽ ഇടപെടുമെന്ന് ചൊവ്വാഴ്ച ഉമ്മൻചാണ്ടി മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.