തൊടുപുഴ: മുന്‍ എംഎല്‍എയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ പി.വി.അന്‍വര്‍ പി.ജെ.ജോസഫ് എംഎല്‍എയെ പുറപ്പുഴയിലെ വസതിയിലെത്തി സന്ദര്‍ശിച്ചു. യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ചര്‍ച്ച ആശാവഹമാണെന്നും മുന്നണി പ്രവേശനത്തിന് ധൃതിയില്ലെന്നും കൂടിക്കാഴ്ചയ്ക്കു ശേഷം അന്‍വര്‍ പറഞ്ഞു.
രാഷ്ട്രീയ കക്ഷിയെന്നനിലയില്‍ തൃണമൂലിന് മുന്നണി പ്രവേശനം അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫിലെ കാരണവൻമാരിലൊരാളാണ് പി.ജെ.ജോസഫ്. അദ്ദേഹത്തെ കണ്ട് കാര്യങ്ങള്‍ സംസാരിക്കുകയെന്നത് ഒരു മര്യാദയാണ്. മുന്നണി പ്രവേശനമുമായി ബന്ധപ്പെട്ട് ഒരു നേതാവും എതിര്‍പ്പ് പ്രകടിപ്പിച്ചിട്ടില്ല.
പിണറായിസം അവസാനിപ്പിക്കാന്‍ വേണ്ടിയാണ് ഞാന്‍ രാജിവച്ചത്. അതിനുവേണ്ടിയാണ് മുന്നണി പ്രവേശനമെന്നും പി.വി.അന്‍വര്‍ പറഞ്ഞു.കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മിലുള്ള സംയോജനമാണ് നടക്കുന്നത്.പുതിയ എകെജി സെന്ററിന്റെ നിറം കാവിയായതും അതിനാലാണെന്ന് അന്‍വര്‍ പരിഹസിച്ചു.
സിപിഎമ്മുമായി പ്രശ്നങ്ങളുള്ള നേതാക്കളെ സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഒഴിവാക്കി രാജീവ് ചന്ദ്രശേഖര്‍ വന്നത് ആര്‍എസ്എസ്-ബിജെപി-സിപിഎം കൂട്ടുകെട്ട് ശക്തമാക്കാനാണ്. നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുമോ എന്നതില്‍ സംശയമുണ്ട്. അതിനുള്ള നടപടികളൊന്നും നടക്കാത്തത് അതുകൊണ്ടാണ്.
തൊമ്മന്‍കുത്തിലെ നാരങ്ങാനത്ത് വനംവകുപ്പ് കുരിശ് തകര്‍ത്ത സംഭവം ബിജെപിയെ പ്രീണിപ്പിക്കാനുള്ള പിണറായി വിജയന്റെ ശ്രമമാണ്. ഇന്നലെ വൈകുന്നേരം അഞ്ചോടെയാണ് പി.വി.അന്‍വര്‍ തൊടുപുഴയില്‍ എത്തിയത്. തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന സജി മഞ്ഞക്കടമ്പിലും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.