പത്തനംതിട്ട: കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് സന്തോഷിക്കാന്‍ കോണ്‍ഗ്രസ് ജന്മദിന സമ്മേളനം ചരിത്ര സംഭവമാണെന്ന് രാജ്യസഭാ ഉപാധ്യക്ഷന്‍ പ്രഫ.പി. ജെ കുര്യന്‍. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് 131-ാം ജന്മവാര്‍ഷികദിനത്തോടനുബന്ധിച്ച് പത്തനംതിട്ട രാജീവ് ഭവനില്‍ സംഘടിപ്പിച്ച ജന്മദിന സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
അഹിംസ എന്താണെന്ന് കാണിച്ചുകൊടുത്ത പ്രസ്ഥാനമാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്. ഇതേ പാത തുടര്‍ന്ന് നിരവധി രാജ്യങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിച്ചു. അഹിംസ വലിയൊരു ആയുധമാണ്. ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിക്കുക മാത്രമല്ല ലോക സാമ്രാജ്യത്വത്തെ തന്നെ മുട്ടുകുത്തിച്ച പാരമ്പര്യമാണ് നമ്മുടേത്.
കോണ്‍ഗ്രസില്‍ എല്ലാവര്‍ക്കും അഭിപ്രായങ്ങള്‍ പറയാന്‍ സ്വാതന്ത്രമുണ്ട്. വ്യത്യസ്ഥ അഭിപ്രായങ്ങള്‍ സ്വഭാവികമാണ്. പാര്‍ട്ടിയ്ക്ക് പ്രതിസന്ധിയുണ്ടാകുമ്പോള്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിയില്‍ മുതല്‍കൂട്ടാണെന്ന കാര്യത്തില്‍ സംശയമില്ല. ഒരുമിച്ചു പ്രവര്‍ത്തിക്കുകയാണെങ്കില്‍ ജില്ലയില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അഞ്ച് നിയോജകമണ്ഡലങ്ങളും പിടിച്ചെടുക്കാനാകും. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ശക്തി പ്രാപിയ്ക്കാനാകുമെന്നും പി.ജെ കുര്യന്‍ പറഞ്ഞു. ഡിസിസി പ്രസിഡന്റ് ബാബു ജോര്‍ജ് അധ്യക്ഷത വഹിച്ചു.