പത്തനംതിട്ട: മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആയുധം താഴെ വയ്ക്കാതെ കേരളത്തില്‍ സമാധാനം ഉണ്ടാവില്ലെന്ന് കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ. പി.ജെ കുര്യന്. പത്തനംതിട്ട രാജീവ് ഭവനില്‍ ചേര്‍ന്ന ഡിസിസി ഭാരവാഹികള്‍, കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം പ്രസിഡന്റുമാര്‍ എന്നിവരുടെ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കോഴഞ്ചേരിയില്‍ ഐഎന്റ്റിയുസി പ്രവര്ത്തകന് പ്രവീണ്‍ രാജിന്റെ കൊലപാതകം കണ്ണൂര്‍ മോഡല്‍ പത്തനംതിട്ടയില്‍ ആവര്‍ത്തിക്കാനുള്ള നീക്കങ്ങളുടെ ഭാഗമാണെന്നും യഥാർഥ പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിസിസി പ്രസിഡന്റ് ബാബു ജോർജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുന്‍ ഡിസിസി പ്രസിഡന്റുമാരായ കെ.ശിവദാസന്‍ നായര്‍, പി.മോഹന്‍ രാജ്, കെപിസിസി സെക്രട്ടറി പഴകുളം മധു, കെപിസിസി നിര്‍വാഹക സമിതിയംഗം മാലേത്ത് സരളാദേവി, ഡിസിസി ഭാരവാഹികളായ എ.സുരേഷ് കുമാര്‍, വെട്ടൂര്‍ ജ്യോതി പ്രസാദ്, അനില്‍ തോമസ്, റിങ്കു ചെറിയാന്, സാമുവല്‍ കിഴക്കുപുറം, കാട്ടൂര്‍ അബ്ദുള്‍ സലാം, കെ.വി സുരേഷ് കുമാര്‍, പന്തളം പ്രതാപന്, ഡി.എന്‍. ത്രിദീപ്, എസ് ബിനു, ജെറി മാത്യു സാം, അഹമ്മദ് ഷാ, എബ്രഹാം പനച്ചമൂട്ടില്‍, സുനില്‍ കുമാര്‍ പുല്ലാട്, റെജി തോമസ്, ബോധേശ്വര പണിക്കര്‍, സതീഷ് പണിക്കര്‍, ജോണ്സണ് വിളവിനാല്‍, ലിജു ജോര്‍ജ്ജ്, റെജി പൂവത്തൂര്‍ , ലാലു ജോണ്‍, എലിസബത്ത് അബു, റോജി പോള്‍ ദാനിയോല്‍ എന്നിവര്‍ പ്രസംഗിച്ചു.
23 ന് ജില്ലയിലെ പോലീസ് അതിക്രമങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കുമെതിരേ ഡിസിസിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസം സംഘടിപ്പിക്കുന്നതിന് യോഗം തീരുമാനിച്ചു. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് ബ്ലോക്ക്, മണ്ഡലം, ബൂത്ത് കമ്മിറ്റികള്‍ കൂടുതല്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിനും യോഗം തീരുമാനിച്ചു.