റാന്നി: ഭരണരംഗത്തെ കെടുകാര്യസ്ഥതയുടെ ഫലമാണ് പ്രളയദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചതെന്ന് കോണ്ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗം പ്രഫ.പി.ജെ. കുര്യൻ. മഹാപ്രളയത്തിന്റെ കാരണങ്ങൾ സംബന്ധിച്ച് ജുഡീഷൽ അന്വേഷണം വേണമെന്നും പ്രളയബാധിതർക്കു സഹായങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ട് കോണ്ഗ്രസ് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുന്നറിയിപ്പില്ലാതെ ഡാമുകൾ തുറന്നുവിട്ട് ജനങ്ങളെ ദുരിതത്തിലാക്കിയവരുടെ പേരിൽ കേസെടുക്കണമെന്ന് കുര്യൻ ആവശ്യപ്പെട്ടു.മണിയാർ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ആന്റോ ആന്റണി എംപി, പി. മോഹൻരാജ്, റിങ്കു ചെറിയാൻ, ടി.കെ. സാജു, സതീഷ് കെ. പണിക്കർ, ഏബ്രഹാം മാത്യു പനച്ചമൂട്ടിൽ, കാട്ടൂർ അബ്ദുൾസലാം, ബെന്നി പുത്തൻപറന്പിൽ, പ്രകാശ് കുമാർ ചരളേൽ, പ്രഫ.തോമസ് അലക്സ്, ഫാ.ബെൻസി തോമസ്, സിബി താഴത്തില്ലത്ത് എന്നിവർ പ്രസംഗിച്ചു.