തിരുവല്ല: താൻ ബിജെപിയിൽ ചേരുന്നതായി ചില മാധ്യമങ്ങൾ നടത്തുന്ന പ്രചാരണം അസംബന്ധമാണെന്ന് രാജ്യസഭ മുൻ ഉപാധ്യക്ഷനും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യസമിതിയംഗവുമായ പ്രഫ. പി.ജെ. കുര്യൻ. തന്റെ അറിവോ തന്നോട് ചോദിക്കാതെയോ ആണ് ഇത്തരം വാർത്തകൾ ചില മാധ്യമങ്ങൾ പടച്ചുവിടുന്നത്.
ഇതിനു പിന്നിൽ തന്റെ പാർട്ടിയിൽ പെട്ടവരാരെങ്കിലുമുണ്ടോയെന്നു പോലും കണ്ടെത്തണം. തിരുവല്ലയിൽ ഇന്നു രാവിലെ മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു കുര്യൻ.ബിജെപിയിലേക്ക് പോകുന്നതിനെക്കുറിച്ച് താൻ ആലോചിച്ചിട്ടില്ല.
രാജ്യസഭ ഉപാധ്യക്ഷനായിരിക്കുന്പോൾ ബിജെപി സർക്കാരിലെ പ്രമുഖർ തന്നെ തനിക്ക് ചില ഓഫറുകൾ തന്നിരുന്നു. എന്നാൽ താൻ കോണ്‍ഗ്രസുകാരനാണെന്ന മറുപടിയാണ ്അന്ന് നൽകിയത്. ഇപ്പോൾ ആരും തന്നെ ബിജെപി സ്ഥാനാർഥിയാക്കാൻ സമീപിച്ചിട്ടില്ല. പത്തനംതിട്ടയിൽ ബിജെപി സ്ഥാനാർഥി വൈകുന്നത് അവരുടെ പാർട്ടിയുടേതായ പ്രശ്നങ്ങൾകൊണ്ടാകും.
അതിന്റെ പേരിൽ തന്റെ പേര് വലിച്ചിഴയ്ക്കുന്നത് അധാർമികമാണ്. തനിക്കു മത്സരിക്കണമെന്നുണ്ടായിരുന്നെങ്കിൽ പത്തനംതിട്ടയിൽ കോണ്‍ഗ്രസ് സ്ഥാനാർഥിയാകാമായിരുന്നുവെന്ന് കുര്യൻ പറഞ്ഞു. മത്സരിക്കുന്നോയെന്ന് രമേശ് ചെന്നിത്തല അടക്കമുള്ള നേതാക്കൾ ചോദിച്ചതാണ്.
എന്നാൽ താൻ മാറി നിന്ന് ആന്റോ ആന്റണിക്കുവേണ്ടി പ്രചാരണം നടത്തുകയാണ്. ദിവസവും രണ്ടും മൂന്നും യോഗങ്ങളിൽ പങ്കെടുക്കുന്നുണ്ട്. ഇതിനിടെയിൽ ഇത്തരത്തിലുള്ള പ്രചാരണങ്ങളെ താൻ അവഗണിക്കുകയാണ് പതിവ്. എന്നാൽ ഇന്നിപ്പോൾ സാമൂഹിക മാധ്യമങ്ങൾ കടന്ന് ചാനലുകളിലും പത്രങ്ങളിലുമൊക്കെ തനിക്കെതിരായ പ്രചാരണം വന്നുതുടങ്ങിയതു കൊണ്ടാണ് പ്രതികരിക്കുന്നതെന്ന് കുര്യൻ പറഞ്ഞു.