എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: പത്തനംതിട്ടയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ ഉണ്ടായ അപാകതയിൽ രാഹുൽ ഗാന്ധിക്ക് കടുത്ത നീരസം. പത്തനംതിട്ടയിൽ രാഹുൽ ഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത് മുൻ രാജ്യസഭാ ഉപാദ്ധ്യക്ഷനും മുതിർന്ന കോൺഗ്രസ് നേതാവുമായ പി.ജെ കുര്യനാണ്. രാഹുലിന്റെ പ്രസംഗം പരിഭാഷപ്പെടുത്തിയതിൽ തെറ്റുകൾ കടന്നു കൂടുകയും പ്രസംഗം പലപ്പോഴും തുടരാൻ പറ്റാത്ത തരത്തിൽ ഇടയ്ക്ക് നിർത്തേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്തു.
പലപ്പോഴും പ്രസംഗിച്ചത് എന്താണെന്ന് പിജെ കുര്യൻ രാഹുലിനോട് ആവർത്തിച്ച് ചോദിക്കുന്നുണ്ടായിരുന്നു. വേദിയിൽ വച്ചു തന്നെ ഇത് എന്താണെന്ന് മറ്റുള്ളവരോട് രാഹുൽ ചോദിക്കുകയും ചെയ്തിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ ലോകമെങ്ങും വൈറലായി. സംഭവം കോൺഗ്രസിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
പത്തനംതിട്ടയിൽ കൂടാതെ പത്താനപുരത്തും ആലപ്പുഴയിലും തിരുവനന്തപുരത്തുമാണ് രാഹുൽ പ്രസംഗിച്ചത്. ആലപ്പുഴയിൽ ഡി.സി.സി പ്രസിഡന്റ് എം ലിജുവും പത്തനാപുരത്തും തിരുവനന്തപുരത്തും കോൺഗ്രസ് നേതാവ് ഡി വിജയകുമാറിന്റെ മകൾ ജ്യോതി വിജയകുമാറാണ് പരിഭാഷപ്പെടുത്തിയത്. പത്തനംതിട്ടയിലെ പരിഭാഷയിൽ ഉണ്ടായ അപാകതയെക്കുറിച്ച് തിരുവനന്തപുരത്തെ സമ്മേളനത്തിന് ശേഷം രാഹുൽ കോൺഗ്രസ് നേതൃത്വത്തോട് ചോദിച്ചു.
എന്താണ് പത്തനംതിട്ടയിൽ സംഭവിച്ചതെന്നാണ് രാഹുൽ ചോദിച്ചത്. സംഭവം മോശമായിപ്പോയെന്ന രാഹുലിന്റെ പ്രതികരണത്തിന് മറുപടി നൽകാനാകെ കോൺഗ്രസ് നേതാക്കൾ തലതാഴ്ത്തി നിൽക്കേണ്ടി വന്നു. സംഭവം ദേശീയ ശ്രദ്ധ പിടിച്ചു പറ്റിയതോടെ എന്താണ് സംഭവിച്ചതെന്ന് എ.ഐ.സി.സി നേതൃത്വം സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോട് വിശദീകരണം ചോദിച്ചു.
രാജ്യം മുഴുവൻ ശ്രദ്ധിക്കുന്ന രാഹുലിന്റെ പ്രസംഗത്തെ പരിഹാസ്യമാക്കുന്ന തരത്തിലുള്ള പരിഭാഷയിൽ കടുത്ത അതൃപ്തിയാണ് എ.ഐ.സി.സി അറിയിച്ചിരിക്കുന്നത്. സംഭവിച്ച കാര്യത്തെക്കുറിച്ച് അന്വേഷിക്കണമെന്നും തുടർന്നുള്ള പരിപാടികളിൽ ഇത്തരം അബദ്ധങ്ങൾ ഉണ്ടാകരുതെന്ന കർശന നിർദ്ദേശമാണ് കെ.സി വേണുഗോപാൽ വഴി ഹൈക്കമാൻഡ് സംസ്ഥാന നേതൃത്വത്തിന് നൽകിയിരിക്കുന്നത്.
സംഭവത്തെക്കുറിച്ച് മുതിർന്ന നേതാക്കൾ തന്നെ പി.ജെ കുര്യനോട് ചോദിച്ചു. തനിക്ക് രാഹുലിന്റെ പ്രസംഗം കേൾക്കാൻ പറ്റിയില്ലെന്നും അതുകൊണ്ടാണ് പരിഭാഷയിൽ അബദ്ധങ്ങൾ കയറിക്കൂടിയതെന്നുമാണ് പിജെ കുര്യന്റെ വിശദീകരണം. രാജ്യസഭയിൽ ഒഴുക്കോടെ ഇംഗ്ലീഷ് സംസാരിക്കുകയും എല്ലാ ഭാഷയിലും സംസാരിക്കുന്ന അംഗങ്ങളുടെ പ്രസംഗത്തിൽ ഇടപെടുകയും നിയന്ത്രിക്കുകയും ചെയ്തിരുന്ന പി.ജെ കുര്യന് ഇംഗ്ലീഷ് വശമില്ലെന്ന് ആരും പറയില്ല.
ഇതേക്കുറിച്ച് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രാഥമിക അന്വേഷണത്തിൽ മനസിലായത് വേദിയിലേക്കുള്ള ശബ്ദ സംവിധാനത്തിൽ അപാകത ഉണ്ടായിരുന്നുവെന്നാണ്. വേദിയിലിരിക്കുന്നവർക്ക് കേൾക്കാനായി ഒരു ബോക്സ് വയ്ക്കാറുണ്ടായിരുന്നു. അവിടെ ബോക്സ് ഉണ്ടായിരുന്നുവെങ്കിലും ശബ്ദം കുറവായിരുന്നുവെന്നാണ് മനസിലായിട്ടുള്ളത്. സംഭവം കൈവിട്ടുപോയതോടെ പിജെ കുര്യൻ പരിഭ്രമത്തിലുമായി. ഇതാണ് താളപ്പിഴയ്ക്ക് കാരണമെന്നാണ് പരിപാടിയുടെ സംഘാടകർ പറയുന്നത്.
പിന്നെ ശബ്ദ സംവിധാനം ഏർപ്പെടുത്തിയയാൾക്ക് പരിചയക്കുറവുണ്ടായെന്ന വാദം ഉയർന്നിട്ടുണ്ട്. എന്തായാലും നാണക്കേടായതോടെ ഇക്കാര്യത്തിൽ കാര്യമായ അന്വേഷണം ഉണ്ടാകും. തുടർ പരിപാടികളിൽ വീഴ്ച ഉണ്ടാവാതിരിക്കാൻ പരിഭാഷ ഉൾപ്പടെയുള്ള കാര്യങ്ങളിൽ കെ.പി.സി.സിയുടെ പൂർണ നിയന്ത്രണം ഉണ്ടാകും.