കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പി.ജെ. കുര്യന്‍ രംഗത്ത്, രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ തന്നെ തകര്‍ക്കാന്‍ നീക്കം നടന്നു, ഫീഡ് ബാക്ക് മോണിറ്റര്‍ നീക്കിയതിന് പിന്നില്‍ പാര്‍ട്ടിയിലെ ഗൂഡാലോചന, കുര്യന്‍ രണ്ടുംകല്പിച്ച് തന്നെ

കോണ്‍ഗ്രസിന്റെ സീനിയര്‍ നേതാക്കളില്‍ ഒരാളാണ് പി.ജെ. കുര്യന്‍. എന്നാല്‍ കഴിഞ്ഞ കുറെ മാസങ്ങളായി നേതൃത്വവുമായി അത്ര നല്ല ബന്ധത്തിലല്ല കുര്യന്‍. രാജ്യസഭ സീറ്റിലേക്ക് തന്നെ വീണ്ടും പരിഗണിക്കാതിരുന്നതിന് പിന്നില്‍ കേരളത്തിലെ നേതാക്കളാണെന്നാണ് അദേഹത്തിന്റെ വാദം. ഇടയ്ക്ക് ബിജെപിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും കോണ്‍ഗ്രസുകാരനാണെന്നായിരുന്നു കുര്യന്റെ മറുപടി. ഇപ്പോഴിതാ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരേ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ കേന്ദ്രമന്ത്രി കൂടിയായ നേതാവ്.

തനിക്കെതിരേ പാര്‍ട്ടിയില്‍ വലിയ ഗൂഡാലോചന നടക്കുന്നുവെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കുര്യന്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കത്തയച്ചു. പത്തനംതിട്ടയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയപ്പോള്‍ രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിന് ഇടയില്‍ നേരിട്ട തടസങ്ങളില്‍ സമഗ്രാന്വേഷണം നടത്താന്‍ കെപിസിസി അധ്യക്ഷനോട് നിര്‍ദേശിക്കണം എന്ന് ആവശ്യപ്പെട്ടാണ് കുര്യന്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്‍കിയത്.

പാര്‍ട്ടി സംവിധാനത്തിലൂടെ അന്വേഷിക്കണം, വേണ്ടിവന്നാല്‍ പോലീസ് അന്വേഷണം നടത്തണം എന്നും കത്തില്‍ ആവശ്യപ്പെടുന്നു. പത്തനംതിട്ടയിലെ രാഹുലിന്റെ പ്രസംഗത്തില്‍ പരിഭാഷകനായി എത്തിയ കുര്യന് രാഹുല്‍ പറയുന്നത് പലപ്പോഴും ശരിയായി കേള്‍ക്കാന്‍ സാധിച്ചില്ലെന്നാണ് പരാതി ഉയര്‍ന്നത്. പാര്‍ട്ടിയിലെ തന്റെ എതിരാളികളുടെ ഇടപെടലാവും പരിഭാഷ തടസപ്പെടാനുള്ള സാഹചര്യം സൃഷ്ടിച്ചത് എന്നും കത്തില്‍ പറയുന്നു.

ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍ നിന്ന് മാറ്റുകയോ, അത് പ്രസംഗ വേദിയില്‍ സ്ഥാപികാത്തിരിക്കുകയോ ചെയ്തത് ആരാണെന്നതാണ് കണ്ടെത്തേണ്ടത്. പ്രസംഗം വ്യക്തമായി കേള്‍ക്കാന്‍ സഹായിക്കുന്ന ഫീഡ് ബാക്ക് മോണിറ്റര്‍ വേദിയില്‍ നിന്നും മാറ്റിയതാണ് പ്രശ്നത്തിന് ഇടയാക്കിയത് എന്നും കത്തില്‍ പറയുന്നു.

Related posts