കോട്ടയം: കോട്ടയം ലോക്സഭാ മണ്ഡലത്തിൽ കേരളാ കോൺഗ്രസ് സ്ഥാനാർഥിയായി തോമസ് ചാഴികാടനെ പ്രഖ്യാപിച്ചതോടെ പാർട്ടിക്കുള്ളിലെ തർക്കം രൂക്ഷമായി. പി.ജെ. ജോസഫിനെ ഒഴിവാക്കിയതോടെ പ്രതിസന്ധി കനത്തു. ജോസഫ് കടുത്ത നിലപാടിലേക്കു നീങ്ങുമെന്ന സൂചനയാണ് അദ്ദേഹത്തിന്റെ അനുയായികൾ നല്കുന്നത്. പി.ജെ.ജോസഫ് മത്സരരംഗത്തേക്ക് എന്നു തന്നെയാണ് സൂചന.
കോട്ടയം പാർലമെന്റ് മണ്ഡലത്തിൽ മത്സരിക്കുന്ന കാര്യം നാളെ കോൺഗ്രസ് നേതാക്കൾ വന്ന ശേഷം ജോസഫ് പ്രഖ്യാപിക്കും. മാണി വിഭാഗത്തിൽനിന്ന് അപ്രതീക്ഷിതമായി തിരിച്ചടി ഉണ്ടായതോടെ ജോസഫിനെ കോട്ടയത്ത് മത്സരിപ്പിക്കാനാണ് ജോസഫ് വിഭാഗത്തിന്റെ നീക്കം.
മാണി വിഭാഗവുമായി ഇനി സഹകരിച്ചു പോയിട്ട് കാര്യമില്ലെന്ന് ഇന്നലെ ചേർന്ന് ജോസഫ് ഗ്രൂപ്പ് യോഗം തീരുമാനിച്ച സാഹചര്യത്തിൽ രണ്ടുവഴികൾ മാത്രമാണ് മുന്നിലുള്ളത്. തെരഞ്ഞെടുപ്പിൽ മത്സരിച്ച് മാണി ഗ്രൂപ്പിൽനിന്ന് സ്വയം പുറത്താവുക. രണ്ട് എംഎൽഎമാർ മാത്രമുള്ള ജോസഫ് വിഭാഗം രാജിവച്ചു മാറിയാൽ കൂറുമാറ്റ നിരോധനത്തിന്റെ പരിധിയിൽവരും. ഈ സാഹചര്യത്തിൽ ജോസഫിന്റെ സ്ഥാനാർഥിത്വം മാത്രമാണ് പാർട്ടിയിൽനിന്നു പുറത്തായി മറ്റൊരു ഗ്രൂപ്പാകാൻ വഴിയുള്ളൂ.
പി.സി.ജോർജ് ഉൾപ്പെടെയുള്ള ഏതാനുംപേർ ജോസഫിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതിനിടെ കേരളകോൺഗ്രസ്-എമ്മിൽനിന്ന് പുറത്തായി പി.ജെ.ജോസഫിന്റെ നേതൃത്വത്തിൽ പഴയ ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കാനാണ് ഫ്രാൻസീസ് ജോർജിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ കേരളകോൺഗ്രസിന്റെ നീക്കം. മാനം രക്ഷിച്ച് ജോസഫ് പുറത്തുവന്ന് തങ്ങൾക്കൊപ്പം ചേരണമെന്ന് ആന്റണി രാജു ഇന്നു രാവിലെ താത്പര്യപ്പെട്ടിട്ടുണ്ട്.
കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ സ്ഥാനാർഥി നിർണയം കോൺഗ്രസ് നേതൃത്വത്തിന് കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പിനെയും മുന്നണി ബന്ധത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചത്.