കൊച്ചി: ‘ജയേട്ടനൊപ്പം ഞാന് ഗാനമേളകളില് പാടുമ്പോള് അന്നെനിക്ക് പ്രായം 12 മാത്രമായിരുന്നു. ഒരു കുഞ്ഞനുജത്തിയോടുള്ള കരുതലും സ്നേഹവുമായിരുന്നു അന്നു മുതല് അദ്ദേഹം എനിക്ക് തന്നിരുന്നത്. എന്റെ ഗുരു സ്ഥാനീയനായ അര്ജുനന് മാഷിന്റെ വീട്ടില് ജയേട്ടന് അന്നൊക്കെ നിത്യസന്ദര്ശകനായിരുന്നു. അന്നേയുള്ള ബന്ധമാണ്. ജയേട്ടന്റെ വിയോഗം ഏറെ വേദനിപ്പിക്കുന്നതാണ്’; മലയാളികളുടെ മനസില് പാട്ടിന്റെ പാലാഴി തീര്ത്ത് കടന്നു പോയ പി. ജയചന്ദ്രന്റെ ഓര്മയില് ഗായിക ജെന്സി ആന്റണി തേങ്ങി.
1978 ല് പുറത്തിറങ്ങിയ അവള് കണ്ട ലോകം എന്ന ചിത്രത്തില് ശ്രീകുമാരന് തമ്പിയുടെ വരികള്ക്ക് എം.കെ. അര്ജുനന്റെ സംഗീതത്തിലുള്ള “ഇടവപ്പാതി കാറ്റടിച്ചാല്/ ഉടുക്കുകൊട്ടുമെന് നെഞ്ചില്/ ഇടിമുഴക്കം പേടിച്ചോ കുളിരു തോന്നി നാണിച്ചോ’ എന്ന ഗാനമാണ് ജെന്സി ജയചന്ദ്രനോടൊപ്പം ആദ്യം പാടിയത്. തുടര്ന്ന് മറ്റു പല മലയാള ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് പാടി.
1979 ല് തമിഴില് ഇളയരാജയുടെ അന്പേ സംഗീത എന്ന ചിത്രത്തിലെ ഗീത സംഗീത എന്ന ഗാനവും ജയചന്ദ്രനും ജെന്സിയും ഒരുമിച്ചാണ് ആലപിച്ചത്. ഈ ഗാനം തമിഴകത്ത് ഏറെ ഹിറ്റായിരുന്നു. ആ വര്ഷം തന്നെ പുറത്തിറങ്ങിയ അഴകേ ഉന്നൈ ആരാധിക്കിറേന് എന്ന ചിത്രത്തിലെ ഹേ മസ്താന… എന്ന ഗാനത്തിലും ഇരുവരും വീണ്ടും ഒരുമിച്ചു. ജെന്സി 2019ലാണ് ജയചന്ദ്രനെ ഒടുവില് കണ്ടത്. സിംഫണി എന്ന സംഗീതഗ്രൂപ്പിന്റെ പരിപാടിയില് അതിഥിയായി എത്തിയതായി അദ്ദേഹം. “അന്നും പതിവ് ചോദ്യം തന്നെയായിരുന്നു. പഴയ കാലത്തെ പാട്ടോര്മകളും പുതിയ കാല പാട്ടുകളെക്കുറിച്ചുമൊക്കെ അന്ന് അദ്ദേഹം വാതോരാതെ സംസാരിച്ചു’. – ജെന്സി പറഞ്ഞു.
സ്വന്തം ലേഖിക