തിരുവനന്തപുരം: ഗായകൻ പി. ജയചന്ദ്രന് ആദരാഞ്ജലി അർപ്പിച്ച് വികാരനിർഭരമായ കുറിപ്പുമായി ചലച്ചിത്രതാരം മോഹൻലാൽ. എന്നും യുവത്വം തുളുമ്പുന്ന ഗാനങ്ങളിലൂടെ തലമുറകളുടെ ഭാവഗായകൻ ആയി മാറിയ ജയേട്ടൻ തനിക്ക് ജ്യേഷ്ഠ സഹോദരൻ തന്നെ ആയിരുന്നുവെന്ന് മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
“മഞ്ഞലയിൽ മുങ്ങിത്തോർത്തി വരുന്ന ഈ ശബ്ദം എല്ലാ മലയാളികളെയും പോലെ ഞാനും നെഞ്ചോടു ചേർത്തുപിടിച്ചു എല്ലാ കാലത്തും. ജയേട്ടൻ മിക്കപ്പോഴും വീട്ടിൽ വരാറുണ്ടായിരുന്നു. അമ്മയ്ക്ക് ഇഷ്ടമുള്ള ഗാനങ്ങൾ പാടി കേൾപ്പിക്കും.
അനിയനെപ്പോലെ എന്നെ ചേർത്തുപിടിക്കും. വളരെ കുറച്ചു ഗാനങ്ങൾ മാത്രമേ എനിക്കുവേണ്ടി ജയേട്ടൻ സിനിമയിൽ പാടിയിട്ടുള്ളൂ എങ്കിലും അവയെല്ലാം ജനമനസുകൾ ഏറ്റെടുത്തത് എന്റെ സൗഭാഗ്യമായി കരുതുന്നു”- മോഹൻലാൽ കുറിച്ചു.
ശബ്ദത്തിൽ എന്നും യുവത്വം കാത്തുസൂക്ഷിച്ച, കാലാതീതമായ കാല്പനിക ഗാനങ്ങൾ ഭാരതത്തിന് സമ്മാനിച്ച ജയചന്ദ്രന് പ്രണാമമർപ്പിക്കുന്നുവെന്നും മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.