തലശേരി: അധോലോക സംഘമായാണ് ആർഎസ്എസ് പ്രവർത്തിക്കുന്നതെന്നു സിപിഎം ജില്ലാ സെക്രട്ടറി പി. ജയരാജൻ. പത്തായക്കുന്നിൽ കോണ്‍ഗ്രസും ആർഎസ്എസും തമ്മിൽ യാതൊരു രാഷ്ട്രീയ പ്രശ്നവുമില്ലാത്ത സമയത്താണു കടയിൽകയറി ആക്രമണമുണ്ടായത്. കോണ്‍ഗ്രസ് നേതാക്കൾ ആർഎസ്എസ് ആക്രമണത്തെക്കുറിച്ചു ബോധവാൻമാരാകണം. സിപിഎം അക്രമത്തെക്കുറിച്ചു മാത്രമാണു രമേശ് ചെന്നിത്തല പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
പത്തായക്കുന്നിലെ വ്യാപാരസ്ഥാപനത്തിൽ കയറി കോണ്‍ഗ്രസ് പ്രവർത്തകനും റിട്ട. അധ്യാപകനുമായ എം.സുകുമാരനെ ആക്രമിച്ചു പരിക്കേൽപിച്ച ആർഎസ്എസുകാർക്കെതിരേ കർശന നടപടിയെടുക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു. സിസിടിവി കാമറ മോഷ്ടിച്ച കേസിലെ പ്രതിയെ ജയിലിടച്ചതിന്റെ വിരോധത്തിലാണു നിരപരാധിയായ റിട്ട. അധ്യാപകനെ കച്ചവടസ്ഥാപനത്തിൽ കയറി ആക്രമിച്ചത്.
ആർഎസ്എസ് ആക്രമണത്തിൽ പരിക്കേറ്റു തലശേരി ഇന്ദിരഗാന്ധി ആശുപത്രിയിൽ കഴിയുന്ന എം. സുകുമാരന്റെ ബന്ധുക്കളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അധോലോകസംഘമായ ആർഎസ്എസിനെ തുറന്നുകാട്ടുന്നതിനായി ഫെബ്രുവരി മൂന്നിനു ജില്ലയിലെ 206 കേന്ദ്രങ്ങളിൽ ജനകീയകൂട്ടായ്മ സംഘടിപ്പിക്കുമെന്നും പി ജയരാജൻ പറഞ്ഞു.