കണ്ണൂർ: മുൻ ഡിവൈഎഫ്ഐ നേതാവ് മനു തോമസിന്റെ വെളിപ്പെടുത്തലുകൾ ഉയർത്തിയ രാഷ്ട്രീയ വിവാദങ്ങൾക്കിടെ കണ്ണൂരിൽ സിപിഎമ്മിന്റെ അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ഇന്നു രാവിലെ ആരംഭിച്ചു. ആരോപണവിധേയനായ പി. ജയരാജനും യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിൽ പങ്കെടുക്കാനെത്തിയ പി. ജയരാജൻ മാധ്യമങ്ങളോട് പ്രതികരിക്കാൻ തയാറായില്ല.
ജയരാജനും മനുവും തമ്മിലുണ്ടായ ഫേസ്ബുക്ക് പോരും തുടർന്നുള്ള ആരോപണങ്ങളും സെക്രട്ടേറിയറ്റ് യോഗത്തിൽ ചർച്ചയായേക്കുമെന്നാണ് സൂചന. ഗുരുതര വെളിപ്പെടുത്തലുകൾ ഉണ്ടായെങ്കിലും വിവാദത്തിൽ പരസ്യ പ്രതികരണത്തിന് ഇതുവരെ സിപിഎം നേതൃത്വം തയാറായിട്ടില്ല. വിഷയം വഷളാക്കിയത് പി. ജയരാജന്റെ അനവസരത്തിലെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്നാണ് പാർട്ടി വിലയിരുത്തൽ.
ജയരാജൻ പോസ്റ്റ്, ക്വട്ടേഷൻ സംഘങ്ങൾക്ക് പാർട്ടിയുടെ പേരിൽ വീണ്ടും സോഷ്യൽ മീഡിയയിൽ നിറയാൻ വഴിവച്ചെന്നും വിമർശനമുണ്ട്.ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തി തെറ്റുതിരുത്തലുകൾ വരുത്തിക്കൊണ്ടിരിക്കുന്നതിനിടെയാണ് കണ്ണൂരിലെ സിപിഎമ്മിൽ വിവാദങ്ങൾ ഉയർന്നുവന്നത്.
പാർട്ടിക്കമ്മിറ്റികളിലെ വിശകലനവും തെറ്റുതിരുത്തൽ നടപടികളും കീഴ്ഘടകങ്ങളിലേക്ക് വിശദീകരിക്കാനിരിക്കുന്നതേയുള്ളു. അതിനിടെ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കൂടിയായ പി. ജയരാജനെതിരേ ഉയർന്നുവന്ന ആരോപണങ്ങൾ കണ്ണൂർ സിപഎമ്മിനെ പിടിച്ചുലയ്ക്കുകയാണ്.
തോൽവി ചർച്ച ചെയ്യാൻ ചേർന്ന സംസ്ഥാന കമ്മിറ്റിയിലും കണ്ണൂർ ജില്ലാ കമ്മിറ്റിയിലും ഇ.പി. ജയരാജനെതിരെയും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരെയും ഏറ്റവും കൂടുതൽ വിമർശിച്ച വ്യക്തിയായിരുന്നു പി. ജയരാജൻ. അദ്ദേഹത്തിനും മകനുമെതിരേ സ്വർണക്കടത്തു ക്വട്ടേഷൻ സംഘവുമായുള്ള ബന്ധമടക്കമുള്ള ഗുരുതരമായ ആരോപണങ്ങളാണ് ഉയർന്നിരിക്കുന്നത്.
ഇന്നത്തെ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ പാർട്ടി കൈക്കൊള്ളുന്ന നടപടികൾ എന്തായിരിക്കുമെന്നു രാഷ്ട്രീയകേരളം ഉറ്റുനോക്കുകയാണ്.അതിനിടെ, സ്വർണക്കടത്തു ക്വട്ടേഷൻ സംഘവും സിപിഎമ്മും തമ്മിലുള്ള ബന്ധം അന്വേഷിക്കണം എന്നാവശ്യപ്പെട്ട് കണ്ണൂർ കളക്ടറേറ്റിന് മുന്നിൽ യുഡിഎഫ് ഇന്നു രാവിലെ മുതൽ ധർണ തുടങ്ങി.