വൈപ്പിൻ: കടം വാങ്ങിയ മോട്ടോർ ബൈക്കുമായി സുഹൃത്ത് മുങ്ങിയ മനോവിഷമത്തിൽ കണ്ണൂർ സ്വദേശിയായ യുവാവ് ഞാക്കൽ പെരുമ്പിളളിയിലെ വാടക വീട്ടിൽ തൂങ്ങി മരിച്ചു.
കണ്ണൂർ ചെങ്ങളായി പുതിയ വീട്ടിൽ ശ്രീകാന്ത്-34 ആണ് മരിച്ചത്. ഞാറക്കൽ അപ്പങ്ങാട് പാലത്തിനു സമീപമുള്ള ബ്യൂട്ടി പാർലറിലെ ജീവനക്കാരനാണ്.
നായരമ്പലത്തെ ഒരു റിസോർട്ടിൽ ജോലി നോക്കുന്ന കണ്ണൂർക്കാരൻ തന്നെയായ സുഹൃത്തുമൊരുമിച്ച് കഴിഞ്ഞ തിങ്കളാഴ്ച ശ്രീകാന്ത് എറണാകുളത്ത് പോയിരുന്നതായി പോലീസ് പറഞ്ഞു.
യാത്രക്കായി ഉപയോഗിച്ചിരുന്നത് ബ്യൂട്ടി പാർലർ ഉടമയുടെ ബൈക്കാണ്. ഇരുവരും തിരിച്ചു വരും വഴി ബോൾ ഗാട്ടിഭാഗത്തിരുന്നു മദ്യസേവ നടത്തിയത്രേ.
പിന്നീട് മദ്യലഹരിയിൽ ബോധം കെട്ട ശ്രീകാന്ത് ഉണരുമ്പോൾ സുഹൃത്തിനെ കണ്ടില്ല. ഒപ്പം ബൈക്കും, മൈബൈൽ ഫോണും കാണാതായി. തുടർന്നു ശ്രീകാന്ത് മുളവുകാട് പോലീസിൽ പരാതി നൽകാൻ എത്തിയെങ്കിലും കാര്യങ്ങളിൽ വ്യക്തത ഇല്ലാത്തതിനാൽ പോലീസ് പരാതി സ്വീകരിച്ചില്ല.
കാണാതായ ബൈക്ക് എറണാകുളം നോർത്ത് പോലീസ് അന്നുതന്നെ കസ്റ്റഡിയിലെടുത്തിരുന്നു. ബൈക്കുമായി സുഹൃത്ത് പോകവെ എറണാകുളത്തുവച്ച് പോലീസിനെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് കടന്ന് കളഞ്ഞതിനെ തുർന്നാണ് ബൈക്ക് പോലീസ് കസ്റ്റഡിയിലെടുത്തതത്രേ.
ഈ വിവരമറിയാതെ ബൈക്കിന്റെ ഉടമയായ ബൂട്ടി പാർലർ മുതലാളി ശ്രീകാന്തിന്റെ താമസസ്ഥലത്തെത്തി അവിടെ കിടന്നിരുന്ന കാർ എടുത്തു കൊണ്ടു പോയിരുന്നു.
വെള്ളിയഴ്ചയോടെ ബൈക്ക് പോലീസ് കസ്റ്റഡിയിൽ ഉണ്ടെന്ന് അറിഞ്ഞെങ്കിലും മൊബൈൽ ഫോൺ ഇല്ലാതിരുന്നതിനാൽ ബ്യൂട്ടി പാർലർ ഉടമയ്ക്കു ശ്രീകാന്തിനെ വിവരം അറിയിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇതിനിടെ ശനിയഴ്ചയോടെ ശ്രീകാന്തിനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം പോസ്റ്റ് മോർട്ടത്തിനു ശേഷം നാട്ടിൽ കൊണ്ടുപോയി സംസ്കരിച്ചു.
ബൈക്ക് നഷ്ടമായതിലുള്ള മനോവിഷമത്തിൽ ആത്മഹത്യ ചെയ്തതായിരിക്കാമെന്നാണ് പോലീസ് നിഗമനം. എന്നാൽ ബൈക്കുമായി പോയ സുഹൃത്തിനെ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു.