കോട്ടയം: കേരള കോൺഗ്രസ്-എമ്മിലെ ജോസ്, ജോസഫ് തർക്കത്തിനൊടുവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം വന്നപ്പോൾ തളിർത്തത് ജോസ് കെ. മാണിയുടെ രണ്ടില.
കേരള കോണ്ഗ്രസ് -എം പാർട്ടി പേരും രണ്ടില ചിഹ്നവും ജോസ് കെ. മാണിക്ക് അനുവദിച്ചുകൊണ്ടാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി പ്രസ്താവിച്ചത്. ജനപ്രതിനിധികളുടെ എണ്ണം, ഭരണസമിതികളിലെ പ്രാതിനിധ്യം തുടങ്ങിയവ കണക്കിലെടുത്തു നടത്തിയ തെളിവെടുപ്പിനൊടുവിലാണ് ജോസ് കെ. മാണിക്ക് അനുകൂലമായി വിധി വന്നത്.
എന്നാൽ, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്കെതിരേ ഡൽഹി ഹൈക്കോടതിയിൽ കേസ് നൽകാനൊരുങ്ങുകയാണ് പി.ജെ.ജോസഫ്. അനുകൂല ഉത്തരവ് ലഭിച്ചതോടെ പാർട്ടിയുടെ പേരും ചിഹ്നവും ജോസ് കെ. മാണി വിഭാഗത്തിന് ഉപയോഗിക്കാനാകും.
ജോസഫ് പക്ഷം പുതിയ പാർട്ടി രൂപീകരിക്കേണ്ടി വരും. വിപ്പ് ലംഘിച്ചതിന്റെ പേരിൽ ജോസഫ് വിഭാഗത്തിലെ ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള നീക്കവും ജോസ് പക്ഷം തുടങ്ങിയിട്ടുണ്ട്.
ജോസ്-ജോസഫ് വിഭാഗങ്ങൾ തമ്മിൽ പല വിഷയങ്ങളിൽ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയാണു പൊട്ടിത്തെറിയിൽ എത്തിയത്. ഈ തർക്കം മൂർഛിച്ച് ഇരുവിഭാഗവും രണ്ടായി പ്രവർത്തനം തുടങ്ങി. തങ്ങളാണ് യഥാർഥ കേരള കോൺഗ്രസ്-എം എന്ന് ഇരുപക്ഷവും അവകാശവാദവും ഉയർത്തി.
പാർട്ടിയുടെ വർക്കിംഗ് ചെയർമാനായ തനിക്കാണ് പാർട്ടിയുടെ അധികാരം എന്നായിരുന്നു ജോസഫിന്റെ അവകാശവാദം. എന്നാൽ, ഇത് അംഗീകരിക്കാതെ പി.ജെ. ജോസഫ് വിഭാഗത്തെ തള്ളി ജോസ് കെ. മാണിയെ ചെയർമാനായി തെരഞ്ഞെടുത്ത് ജോസ് വിഭാഗം പ്രവർത്തനമാരംഭിച്ചു.
ഇതിനിടെ, ഉണ്ടായ പാലാ തെരഞ്ഞെടുപ്പിൽ ജോസ് കെ. മാണി വിഭാഗം മത്സരിച്ചു. എന്നാൽ, ഈ സീറ്റിൽ പാർട്ടി ചിഹ്നമായ രണ്ടില അനുവദിക്കാൻ പി.ജെ. ജോസഫ് വിഭാഗം തയാറായില്ല.
ഇതേത്തുടർന്ന് ജോസ് കെ. മാണിയുടെ സ്ഥാനാർഥി പരാജയപ്പെട്ടു. ഇതോടെയാണ് കേരള കോണ്ഗ്രസിലെ പിളർപ്പ് പൂർത്തിയായത്. ഇതിനുശേഷം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം പി.ജെ. ജോസഫ് വിഭാഗത്തിനു വിട്ടുനൽകണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു.
ഇതു ജോസ് കെ. മാണി വിഭാഗം അംഗീകരിക്കാതെ വന്നതോടെ ജോസ് കെ. മാണിയെ യുഡിഎഫിൽനിന്നു മാറ്റിനിർത്തി. അതിനുശേഷം നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിലും അവിശ്വാസ പ്രമേയ വോട്ടെടുപ്പിലും ജോസ് കെ. മാണി വിഭാഗം വോട്ടുചെയ്യാതെ വിട്ടുനിന്നു.
ഇതിനുപിന്നാലെ യുഡിഎഫിൽനിന്നു ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കാനുള്ള നീക്കങ്ങളും സജീവമാണ്. ഇതിനിടെയാണ് ഇപ്പോൾ ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായി തെരഞ്ഞെടുപ്പ് കമ്മീഷൻ വിധി ഉണ്ടായിരിക്കുന്നത്.
ജോസ് കെ. മാണി വിഭാഗത്തിന് അനുകൂലമായി ഉണ്ടായിരിക്കുന്ന വിധി യുഡിഎഫ് തീരുമാനത്തെ എങ്ങനെ സ്വാധീനിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ വൃത്തങ്ങൾ.
ഒൗദ്യോഗിക കേരള കോൺഗ്രസ്-എം തങ്ങളാണെന്ന വിധി ലഭിച്ചതോടെ ജോസ് വിഭാഗത്തിന്റെ വിലപേശൽ ശേഷിയും കൂടുമെന്നാണ് വിലയിരുത്തൽ. അതേസമയം, കേരള കോൺഗ്രസ് യുഡിഎഫ് വിട്ടാൽ അനാഥമാകില്ലെന്ന മട്ടിൽ സിപിഎം സംസ്ഥാന സെക്രട്ടറി ലേഖനമെഴുതിയതും ഏറെ ചർച്ചയായിട്ടുണ്ട്.
ജോസ് വിഭാഗം: യുഡിഎഫ് നീക്കത്തിൽ ആകാംക്ഷ
കോട്ടയം: കേരള കോണ്ഗ്രസ് -എം പാർട്ടി, ചിഹ്നം സംബന്ധിച്ച തർക്കത്തിനു കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധി വന്നതോടെ ഇനി യുഡിഎഫ് നീക്കത്തിൽ ആകാംക്ഷ. ജോസ് വിഭാഗത്തെ തള്ളി പി.ജെ. ജോസഫിനോട് അടുത്ത യുഡിഎഫ് നേതൃത്വം ഇനി എന്തുചെയ്യുമെന്നതു പ്രധാനമാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പി.ജെ. ജോസഫിനോടു ആദ്യം മുതലേ മൃദുസമീപനം സ്വീകരിച്ചിരുന്നു. എന്നാൽ, പി.കെ. കുഞ്ഞാലിക്കുട്ടി, ഉമ്മൻ ചാണ്ടി തുടങ്ങിയവർ കെ.എം. മാണിയുടെ മകൻ ജോസ് കെ. മാണിയെ യുഡിഎഫിൽനിന്നു പുറത്താക്കുന്നതിനെ അനുകൂലിക്കുന്നില്ല. ചർച്ചയിലൂടെ പ്രശ്നം പരിഹരിച്ചു ജോസ് കെ. മാണിയെ ഒപ്പം നിർത്തണമെന്നാണു ഇവരുടെ അഭിപ്രായം. ജോസ് കെ. മാണി വിഭാഗത്തെ പുറത്താക്കുന്നതായി ആദ്യം പ്രഖ്യാപിച്ച യുഡിഎഫ് കൺവീനർ ബെന്നി ബഹനാൻ പിന്നീട് ആ നിലപാട് താത്കാലിക സസ്പെൻഷൻ എന്നു തിരുത്തിയതിനു പിന്നിലും ഈ വിഭാഗത്തിന്റെ സമ്മർദമായിരുന്നു.
അതേസമയം, രാജ്യസഭാ തെരഞ്ഞെടുപ്പോടെയും അവിശ്വാസ ചർച്ചയോടെയും വഷളായ യുഡിഎഫ് – ജോസ് വിഭാഗം തർക്കം ഇനി രമ്യതയിലെത്തിക്കാനാകുമോയെന്നതും പലരും ആകാംക്ഷയോടെ വീക്ഷിക്കുന്നു. അടുത്ത യുഡിഎഫ് യോഗത്തിൽ ജോസ് വിഭാഗത്തിനെതിരേ കടുത്ത നടപടിയെടുക്കണമെന്ന നിലപാടിൽ മുന്നോട്ടുപോവുകയായിരുന്നു ചെന്നിത്തല വിഭാഗം.
എന്നാൽ, ജോസ് വിഭാഗത്തിന് അനുകൂല വിധി വന്നതോടെ ഇനി എന്തുനിലപാടാകും യുഡിഎഫ് സ്വീകരിക്കുക എന്നതാണ് രാഷ്ട്രീയ വൃത്തങ്ങളിൽ ഉയർന്നിരിക്കുന്ന ആകാംക്ഷ.
ജോസ് വിഭാഗത്തെ ഒപ്പം നിർത്തണമെന്ന വാദത്തിനു കൂടുതൽ ശക്തിയേറുമെന്നാണ് കരുതുന്നത്. ഇതിനിടെ, ജോസ് വിഭാഗത്തെ ഒപ്പം കൂട്ടുന്നതിനു സിപിഎമ്മിനുള്ള താൽപര്യം മറനീക്കി കോടിയേരി ബാലകൃഷ്ണൻ പ്രഖ്യാപിച്ചതു യുഡിഎഫിനെ കൂടുതൽ സമ്മർദത്തിലാക്കിയിട്ടുണ്ട്.
ഇടതുപക്ഷം മികച്ച വിജയം നേടിയ തെരഞ്ഞെടുപ്പുകളിലും അവർക്കു മേൽക്കൈ നേടാനാകാതെ പോയത് മധ്യതിരുവിതാംകൂറിലായിരുന്നു. ഇവിടെ എൽഡിഎഫിനെ ചെറുക്കാൻ കേരള കോൺഗ്രസ്-എം സാന്നിധ്യം തുണയായെന്നാണ് സിപിഎം വിലയിരുത്തൽ. കേരള കോൺഗ്രസിനെ ഒപ്പം കിട്ടിയാൽ ഈ ബാലികേറാമല താണ്ടാമെന്നാണ് അവരുടെ കണക്കുകൂട്ടൽ.
കൂടുതൽ ചർച്ചകൾ നടത്തി ജോസിനെ മുന്നണിയിലെടുക്കാനാണു എൽഡിഎഫ് ശ്രമം. സിപിഐക്ക് എതിർപ്പ് ഉണ്ടെങ്കിലും പുതിയ സാഹചര്യത്തിൽ അതു പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷ. കോട്ടയം ജില്ലാ പഞ്ചായത്തിൽ ഉടലെടുത്ത ജോസ്, ജോസഫ് ഭിന്നത പാലാ ഉപതെരഞ്ഞെടുപ്പ് സമയത്താണു മൂർഛിച്ചത്.
ഇരുവരും തമ്മിലുള്ള തർക്കം യുഡിഎഫ് സ്ഥാനാർഥിയും ജോസ് വിഭാഗക്കാരനുമായിരുന്ന ജോസ് ടോമിനു പി.ജെ. ജോസഫിന്റെ എതിർപ്പിനെത്തുടർന്നു രണ്ടില ചിഹ്നം അനുവദിച്ചിരുന്നില്ല. ഇത് ഭിന്നത രൂക്ഷമാകുകയും രണ്ടു പാർട്ടി സംവിധാനവുമായി മൂന്നോട്ടു പോകുന്നതിനിടെയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയുണ്ടായത്.
രണ്ടില ചിഹ്നം : ഇന്നു തന്നെ കോടതിയെ സമീപിക്കുമെന്ന് പി.ജെ.ജോസഫ്
തൊടുപുഴ: രണ്ടില ചിഹ്നം കേരള കോണ്ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് നൽകുന്നതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ഉത്തരവിൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പിഴവു സംഭവിച്ചതായി കേരള കോണ്ഗ്രസ് വർക്കിംഗ് ചെയർമാർ പി.ജെ.ജോസഫ് എംഎൽഎ.
പിഴവുകൾ ചൂണ്ടിക്കാട്ടി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്നു തന്നെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
നിലവിലെ ഉത്തരവുമായി ബന്ധപ്പെട്ട് കമ്മീഷനിലെ ഒരംഗം വിയോജനം രേഖപ്പെടുത്തിയിരുന്നതാണ്. തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ ജോസ് കെ.മാണി നൽകിയിരിക്കുന്ന ലിസ്റ്റ് വസ്തുതാപരമായി നിലനിൽക്കുന്നതല്ലെന്ന് കമ്മീഷൻ നേരത്തെ തന്നെ കണ്ടെത്തിയിരുന്നു. 450 പേരുടെ ലിസ്റ്റാണ് നേരത്തെ നൽകിയിരുന്നത്.
ഇത് പൂർണമായി പരിശോധന നടത്താതെയാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ചിഹ്നം മാറുന്നത് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം ചോദ്യത്തിനു മറുപടിയായി പറഞ്ഞു.