കൊച്ചി: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും ആലത്തൂര്‍ മുന്‍ എംപിയുമായ പി.കെ. ബിജുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ഇഡി അന്വേഷണം.
കേസില്‍ അറസ്റ്റിലായ പി. സതീഷ്കുമാറുമായി ബിജു സാമ്പത്തിക ഇടപാട് നടത്തിയതടക്കമുള്ള വിവരങ്ങളാണ് പരിശോധിക്കുന്നത്. സതീഷ് കുമാറിനും അറസ്റ്റിലായ പി.പി. കിരണിനും ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായി പണമിടപാട് ഉണ്ടായിരുന്നതായാണ് ഇഡി കോടതിയില്‍ സമര്‍പ്പിച്ചിട്ടുള്ള റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്.
ഒരു മുന്‍ എംപിയ്ക്കും പണമിടപാടില്‍ ബന്ധമുള്ളതായി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇത് പുറത്തു വന്നതിന് പിന്നാലെ വടക്കാഞ്ചേരി മുന്‍ എംഎല്‍എ അനില്‍ അക്കര രംഗത്തെത്തിയിരുന്നു.
ഇഡി പറഞ്ഞ മുന്‍ എംപി പി.കെ. ബിജു ആണെന്നും അറസ്റ്റിലായ സതീഷ് കുമാര്‍ ബിജുവിന്റെ മെന്റര്‍ ആണെന്നുമായിരുന്നു അനില്‍ അക്കരയുടെ ആരോപണം.
സതീഷ്കുമാറാണ് ഉന്നതരുമായി നേരിട്ട് പണമിടപാട് നടത്തിയിരുന്നതായാണ് ഇഡിയുടെ കണ്ടെത്തല്‍. എ.സി. മൊയ്തീന്റെ മൊഴിയും, ബിജുവിന്റെ സാമ്പത്തിക ഇടപാടുകളിലെ അന്വേഷണത്തില്‍നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലുമായിരുക്കും ചോദ്യം ചെയ്യുന്നതടക്കമുള്ള നടപടികള്‍ ഇഡി തീരുമാനിക്കുക. അതേസമയം അനില്‍ അക്കരയുടെ ആരോപണം ബിജു നിഷേധിച്ചിട്ടുണ്ട്.