ആലത്തൂർ: ആലത്തൂർ വീഴുമലയിലെ മണ്ണിടിച്ചിൽ, കിഴക്കഞ്ചേരി ഉപ്പുമണ്ണിലെ ഭൂമി വിണ്ടുകീറൽ തുടങ്ങിയ സ്ഥലം പ്രത്യേക പഠനത്തിന് വിധേയമാക്കുന്നതിനായി സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ്, തിരുവനന്തപുരം എന്ന സ്ഥാപനത്തിനെ ചുമതലപ്പെടുത്തണമെന്ന് ഡോ. പി.കെ.ബിജു എംപി ആവശ്യപ്പെട്ടു.
ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നല്കിയതായും എംപി പറഞ്ഞു. കഴിഞ്ഞദിവസം എംപി പ്രദേശങ്ങൾ സന്ദർശിച്ചിരുന്നു.വീഴുമലയിൽ മഹാപ്രളയത്തെ തുടർന്ന് വലിയ തോതിൽ മണ്ണിടിച്ചിൽ ഉണ്ടാവുകയും മേഖലയിലെ വീടുകൾക്ക് സാരമായി കേടുപാടുകൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ആലത്തൂർ വീഴുമലയിലെ ക്വാറിയുടെ പ്രവർത്തനം മേഖലയിലെ മണ്ണിടിച്ചിന് പ്രധാന കാരണമെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു.കോടതിയുടെ ഉൾപ്പെടെ പ്രത്യേക നിർദേശപ്രകാരമാണ് ക്വാറി പ്രവർത്തിക്കുന്നത്. മണ്ണിടിച്ചിലിനെ തുടർന്ന് നിലവിൽ ഗ്രാമപഞ്ചായത്ത് അധികൃതർ സ്റ്റോപ്പ് മെമ്മോ നല്കിയിരിക്കുകയാണ്.
വീഴുമലയിൽ തന്നെ സ്ഥിതി ചെയ്യുന്ന സ്വാമിദുരൈ ജലസംഭരണിയെ സ്രോതസായി ഉപയോഗപ്പെടുത്തി നടപ്പാക്കിയിട്ടുളള കുടിവെളള പദ്ധതിയിൽ നിന്നും പത്തൊന്പത് പട്ടികജാതി കോളനികളിലേക്കാണ് കുടിവെളളം നല്കുന്നത്. കുടിവെളളപദ്ധതിയേയും തുടർന്നുളള മണ്ണിടിച്ചിൽ എതിരായി ബാധിക്കും. വീഴുമലയിലെ മണ്ണിടിച്ചിൽ പ്രദേശവാസികളെയാകെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.
എന്നാൽ ജനങ്ങളുടെ ആശങ്ക കണക്കിലെടുക്കാതെ 2019 ജൂലൈ 24 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ടെന്ന് കാണിച്ച് ക്വാറി ഉടമ ധിക്കാരപരമായ നടപടിക്ക് മുതിരുകയാണ്. മണ്ണിടിച്ചിലിനു ശാശ്വതപരിഹാരത്തിനുമായി വീഴുമലയിലെ ക്വാറിയുടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടതാണെന്ന നാട്ടുകാരുടെ വികാരം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയെന്നും എംപി പറഞ്ഞു.
കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിലെ കിഴക്കഞ്ചേരി-2 വില്ലേജിൽ ഉപ്പുമണ് എന്ന സ്ഥലത്ത് ഭൂമിയിൽ വിളളലുകൾ രൂപപ്പെട്ട സംഭവം പ്രദേശവാസികൾക്കിടയിൽ ആശങ്ക പരത്തിയിട്ടുണ്ട്. തുടർന്ന് സംഭവസ്ഥലം ജില്ലാ മൈനിംഗ് ആൻഡ് ജിയോളജി വകുപ്പിലെ ജില്ലാ ഓഫീസിൽനിന്നുള്ള ഉദ്ദ്യോഗസ്ഥർ ഇതിനകം സന്ദർശിച്ചിട്ടുണ്ട്.
ഇവരുടെ നിർദേശമനുസരിച്ച് സമീപപ്രദേശത്തെ വീടുകളിൽ നിന്നും ജനങ്ങളെ മാറ്റിപ്പാർപ്പിക്കുകയും പ്രദേശത്തെ പ്രധാന റോഡുകളിലൂടെയുളള വാഹന ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിരുന്നു.തുടർച്ചയായി രണ്ടുദിവസം മഴമാറി നിന്നതിനു ശേഷം ഭാരം കയറ്റിയ വലിയ വാഹനങ്ങൾ ഒഴിവാക്കി സമീപപ്രദേശത്തെ റോഡുകളിൽ വാഹനഗതാഗതം പുന:സ്ഥാപിച്ചിട്ടുളളത്.
മഴപെയ്യുന്ന സാഹചര്യത്തിലും ഭൂമിയിൽ ഉണ്ടാകുന്ന വിളളലുകൾ വർധിച്ചുവരികയാണ്. ഇതിനാൽ പ്രത്യേകം ജാഗ്രത ആവശ്യമാണെന്ന് ജിയോളജി വിഭാഗം ഉദ്യോഗസ്ഥർ അറിയിച്ചു.