നെന്മാറ: മംഗലം-ഗോവിന്ദാപുരം റോഡ് വികസനവുമായി ബന്ധപ്പെട്ട് ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നു പികെ. ബിജു എംപി പറഞ്ഞു. കേരള വ്യാപാരിവ്യവസായി ഏകോപനസമിതി ജനകീയകൂട്ടായ്മയുമായി നെന്മാറയിൽ നടത്തിയ ചർച്ചയിലാണ് ഇക്കാര്യം പറഞ്ഞത്.
45 മീറ്റർ വീതിയിൽ റോഡിനുവേണ്ടി സ്ഥലം കണ്ടെത്തണമെന്ന കേന്ദ്ര സർക്കാർ നിർദ്ദേശം കേരളംപോലെ ജനസാന്ദ്രതയുള്ള സംസ്ഥാനങ്ങളെ ഉദ്ദേശിച്ചുള്ളതല്ല. നിർദ്ദിഷ്ട വടക്കഞ്ചേരി-കൊല്ലങ്കോട്-കൂട്ടുപാത മലയോരഹൈവേ പദ്ധതിയും മംഗലം-ഗോവിന്ദാപുരം പാതവികസന പദ്ധതിയും നെന്മാറ, കൊല്ലങ്കോട് ബൈപാസ് പദ്ധതികളും ജനങ്ങൾക്കു വലിയ നഷ്ടംവരുത്താത്ത രീതിയിൽ പരമാവധി 20 മീറ്റർ വീതിയിൽ രണ്ടുവരിപ്പാതമാത്രമേ പരിഗണനയിലുള്ളൂ.
സംസ്ഥാന സർക്കാറിനാണു അലൈൻമെന്റ് സംബന്ധിച്ചു നിശ്ചയിക്കാനുള്ള അധികാരം. കേരളത്തിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കേന്ദ്ര ഗതാഗതമന്ത്രാലയവുമായി ഈ വിഷയത്തിൽ ചർച്ച നടത്തുമെന്നും ജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ജില്ലാകലക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളുടേയും വ്യാപാരികളുടേയും പാതയുമായി ബന്ധപ്പെട്ട സ്ഥല ഉടമകളുടേയും യോഗം ഉടൻ വിളിച്ചു ചേർക്കുമെന്നും പികെ. ബിജു എംപി പറഞ്ഞു.
വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലങ്ങി യൂണിറ്റ് പ്രസിഡന്റ് കെ.കെ. ഹരിദാസ്, കെ. പ്രേമൻ, കഐസ്എം. ഹരി, സുദേവൻ നെന്മാ, വി. സുകുമാരൻ, ജയപ്രകാശ്മുതലമട, വിജയകുമാർ, നാരായണദാസ്, ദേവദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.