തലശേരി: തലശേരി നഗരത്തിലെ മെയിൻ റോഡിലെ സവിത ജ്വല്ലറി ഉടമ ചക്യത്ത് മുക്കിലെ സ്നേഹയിൽ പി.കെ.ദിനേശനെ കടയ്ക്കുള്ളിൽ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതികളെ തേടി സിബിഐ സംഘം ബംഗാളിലെ മെദിനിപ്പൂർ ജില്ലയിലേക്ക് പോകും. അന്വേഷണം ഏറ്റെടുത്ത് അഞ്ച് വർഷം പിന്നിട്ടിട്ടും തുമ്പ് ലഭിക്കാത്ത സാഹചര്യത്തിൽ കേസന്വേഷണം അവസാനിപ്പിക്കണമെന്ന് ഉന്നതങ്ങളിൽ നിന്നുള്ള നിർദ്ദേശവും ഇതിനകം സിബിഐ കേരള ഘടകത്തിന് ലഭിച്ചതായും അറിയുന്നു.
കൊലപാതകം നടന്നിട്ട് അഞ്ച് വർഷം പൂർത്തിയാകാൻ ഒരു മാസം ബാക്കി നിൽക്കെയാണ് സിഐ കെ.എം സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം ബംഗാളിലേക്ക് വ്യാപിപ്പിച്ചിട്ടുള്ളത്. സംഭവം നടന്ന സമയത്ത് ജ്വല്ലറിയുടെ പരിസര പ്രദേശങ്ങളിൽ താമസിച്ചിരുന്നവർ ബംഗാളിലെ മെദിനിപ്പൂർ സ്വദേശികളാണെന്ന് കണ്ടെത്തിയിരുന്നു. ഇവരുടെ തിരിച്ചറിയൽ രേഖകൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്.
കരാറുകാരിൽ നിന്നും ഇരുനൂറോളം തിരിച്ചറിയൽ കാർഡുകളാണ് ഇതിനകം ശേഖരിച്ചിട്ടുള്ളത്. ബന്ധുക്കളേയും സുഹൃത്തുക്കളേയും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ തുമ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് ഇതര സംസ്ഥാന തൊഴിലാളികളിലേക്ക് അന്വേഷണം വ്യാപിപ്പിച്ചിട്ടുള്ളത്.
കൊലപാതകം നടന്ന ജ്വല്ലറിയുടെ പരിസരത്ത് പല തവണ തിരച്ചിൽ നടത്തിയ സിബിഐ സംഘം ഇന്നലെ വാധ്യാർ പീടിക പഴയ കനറാ ബാങ്കിനടുത്ത കൊപ്രക്കളത്തിലെ കിണർ വറ്റിച്ച് പരിശോധിച്ചു. ഇന്നലെ ഉച്ചക്ക് തുടങ്ങിയ പരിശോധന രാത്രി വരെ നീണ്ടു നിന്നു. ജ്വല്ലറിയിൽ നിന്നും നഷടപ്പെട്ട മുക്കു പണ്ടമോ കൊലക്കുപയോഗിച്ച ആയുധമോ കണ്ടെത്തുകയാണ് പരിശോധനയുടെ ലക്ഷ്യമെന്ന് സിബിഐ കേന്ദ്രങ്ങൾ പറഞ്ഞു.
എന്നാൽ പരിശോധനയിൽ ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ദിനേശൻ കൊല്ലപ്പെട്ടതിന്റെ പിറ്റേ ദിവസം സ്ഥലത്തെത്തിയ ഡോഗ് സ്ക്വാഡിലെ പോലീസ് നായയും ഇതേ കിണർ പരിസരത്ത് മണം പിടിച്ചെത്തിയിരുന്നു. 2014 ഡിസമ്പർ 23 ന് രാത്രി എട്ടോടെയാണ് മെയിൻ റോഡിലെ സവിതാ ജ്വല്ലറിക്കുള്ളിലെ പൂജാമുറിയിൽ ദിനേശനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്.