സ്വന്തം ലേഖകന്‍
കോഴിക്കോട് : കാഷ്മീരിലെ കത്വയിലും യുപിയിലെ ഉന്നാവോയിലും പീഡനത്തിനിരയായ പെണ്‍കുട്ടികളുടെ കുടുംബത്തെ സഹായിക്കാന്‍ യൂത്ത് ലീഗ് പിരിച്ച ഫണ്ട് തിരിമറിനടത്തിയെന്ന പരാതിയില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നിര്‍ണായക നീക്കത്തിലേക്ക്.
ഇന്ന് യൂത്ത്ലീഗ് ജനറല്‍ സെക്രട്ടറി സി.കെ.സുബൈറിനെ വിശദമായി ചോദ്യംചെയ്യും. ഉച്ചയോടെ കൊച്ചിയിലെ ഇഡി ഓഫീസിലാണ് ചോദ്യം ചെയ്യല്‍.
ഹാജരാകണമെന്നു കഴിഞ്ഞ ദിവസം നോട്ടീസ് ലഭിച്ചിരുന്നതായും ഇന്ന് ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകുമെന്നും സി.കെ.സുബൈര്‍ രാഷ്്ട്രദീപികയോടു പറഞ്ഞു.
ഫണ്ട് വന്ന വഴി
യൂത്ത് ലീഗ് ദേശീയ സമിതി അംഗമായിരുന്ന യൂസഫ് പടനിലം നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സുബൈറിനെ ചോദ്യം ചെയ്യുന്നതെന്നാണ് വിവരം.
വിദേശരാജ്യങ്ങളില്‍നിന്നുള്‍പ്പെടെ നിരവധി പേര് ഈ ഫണ്ടിലേക്കു സംഭാവന നല്‍കിയിട്ടുണ്ട്.
എന്നാല്‍, വിദേശഫണ്ടുകള്‍ സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമാക്കിയിട്ടില്ലെന്നും ലഭിച്ച ഫണ്ട് എന്തിനുവേണ്ടി ഉപയോഗിച്ചുവെന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു യൂസഫ് പരാതി നല്‍കിയിരുന്നത്.
ഇക്കാര്യത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്കും പരാതി നല്‍കിയിരുന്നു.
കുന്നമംഗലം പോലീസ് സുബൈറിനെതിരെയും പി.കെ.ഫിറോസിനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിലും അന്വേഷണം പുരോഗമിക്കുന്നു.
വിദേശ സന്ദർശനം
2018 ഏപ്രില്‍ മുതല്‍ സുബൈര്‍ പണപ്പിരിവ് നടത്തിയിരുന്നു. യുഎഇ, സൗദി, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ സുബൈര്‍ ഫണ്ട് പിരിവിനായി സന്ദര്‍ശിച്ചിട്ടുണ്ടെന്നും സ്വന്തം അക്കൗണ്ടിലേക്കു വരെ ഫണ്ട് സമാഹരിച്ചിട്ടുണ്ടെന്നും യൂസഫ് ആരോപിച്ചു.
2018 ന് ശേഷം സുബൈര്‍ ഭൂമി വാങ്ങിയതായും യൂസഫ് ഇഡിയെ അറിയിച്ചിട്ടുണ്ട്.
ഇഡിയുടെ അന്വേഷണത്തിലൂടെ എത്ര രൂപ ഏതൊക്കെ തീയതികളില്‍ വന്നു, ഏതൊക്കെ തീയതികളില്‍ ആര്‍ക്കൊക്കെ പണം കൊടുത്തു, ചെക്കായിട്ടാണ് രൂപ നല്കിയതെങ്കില് ഏതു ബാങ്കില്‍നിന്ന് ആരുടെ അക്കൗണ്ടില്‍നിന്നാണ് പണം പിന്‍വലിച്ചത്, തുടങ്ങി എല്ലാ കാര്യങ്ങളും ചോദിച്ചറിയും.
കണക്കിൽ അവ്യക്തത
ഫണ്ട് തിരിമറി ആരോപണവുമായി യൂസഫ് രംഗത്തു വന്നിതിനു പിന്നാലെ പിരിച്ച ഫണ്ടിനെ കുറിച്ചും ചെലവാക്കിയതിനെ കുറിച്ചും യൂത്ത് ലീഗ് നേതാക്കള്‍ വിശദീകരണവുമായി എത്തിയിരുന്നു.
എന്നാല്‍, യൂത്ത് ലീഗ് പുറത്തുവിട്ട കണക്കില്‍ വിദേശത്തുനിന്നു ലഭിച്ച ഫണ്ട് സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.
2019ല്‍ അക്കൗണ്ടിലേക്കു ദുബായിലെ ബിസിനസുകാരനായ ചടയമംഗലം സ്വദേശി 25,000 രൂപ നല്കിരുന്നു.
ഇക്കാര്യം അന്ന് വാട്സ് ആപ്പ് ഗ്രൂപ്പുകളില്‍ ഏറെ ചര്‍ച്ചയാക്കുകയും ചെയ്തു. ഇതേ രീതിയില്‍ കൂടുതല്‍ സംഭാവനകള്‍ വിദേശത്തുനിന്ന് എത്തിയിട്ടുണ്ട്.
എന്നാല്‍, ഈ കണക്കുകള്‍ പുറത്തുവിടാന്‍ തയാറാവാത്തതു ദുരൂഹമാണെന്നും പരാതിക്കാരൻ പറയുന്നു. സുബൈറിനു പുറമേ പി.കെ.ഫിറോസിനും ഫണ്ട് തിരിമറിയില്‍ പങ്കുണ്ടെന്നാണ് യൂസഫ് നല്കിയ പരാതിയിലുള്ളത്.
വിദേശഫണ്ട് സമാഹരിക്കുന്നതില്‍ സുബൈറാണ് മുന്‍പന്തിയിലുണ്ടായിരുന്നത്. അതേസമയം,പള്ളികളില്‍നിന്നു പണം പിരിച്ചതു ഫിറോസിന്റെ നേതൃത്വത്തിലാണെന്നു പറയുന്നു.
ഇക്കാര്യവും ഇഡി അന്വേഷിക്കും. വരും ദിവസങ്ങളില്‍ ഫിറോസിനെയും ഇഡി ചോദ്യം ചെയ്യുമെന്നാണ് വിവരം.