കോഴിക്കോട്: ബിനീഷ് കോടിയേരിക്കു യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഫിറോസിന്റെ ഗുഡ് നൈറ്റ്. ഫിറോസാണ് ആദ്യമായി ലഹരിമരുന്ന് സംഘവുമായുള്ള ബിനീഷിന്റെ ബന്ധം കോഴിക്കോട്ട് വാര്‍ത്താസമ്മേളനം വിളിച്ചു പുറംലോകത്തെത്തിച്ചത്.
എന്നാല്‍, അന്നു ബിനീഷ് ഗുഡ് നൈറ്റ് എന്നു പറഞ്ഞു പരിഹസിക്കുകയായിരുന്നു. എന്നാല്‍, ഇപ്പോള്‍ ബിനീഷിനെ അറസ്റ്റ് ചെയ്തപ്പോള്‍ ഫിറോസ് അതു തിരിച്ചടിച്ചിരിക്കുകയാണ്.
ബിരിയാണി ചെന്പ്
‘ബിരിയാണി ചെമ്പിലെ ബുദ്ധി പണ്ട് നട്ടുച്ചയ്ക്കു നായനാര്‍ സഖാവ് ലീഗുകാരോടു പറഞ്ഞതേ എനിക്കും ഫിറോസിനോടു പറയാനുള്ളൂ ‘ഗുഡ്നൈറ്റ്’ എന്നായിരുന്നു ബിനീഷ് കൊടിയേരിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
ഞാന്‍ ഈ ആരോപണം ഉന്നയിച്ചപ്പോള്‍ ചാനലുകളില്‍ വന്നു പരിഹസിച്ചു. എല്ലാ ആരോപണങ്ങളും നിഷേധിച്ചു. ഇപ്പോള്‍ ആരോപണങ്ങളെല്ലാം ശരിയാണെന്നു തെളിയുന്നു.
ബിനീഷ് കോടിയേരിയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തതിന് പിന്നാലെ പി.കെ.ഫിറോസിന്റെ പ്രതികരണം ഇങ്ങനെ.
ബിനീഷ് കോടിയേരിയുടെ പിന്തുണയോടെയാണ് മയക്കുമരുന്ന് ഇടപാട് നടത്താന്‍ അനൂപ് മുഹമ്മദ് ബംഗളൂരുവില്‍ റസ്റ്ററന്റ് തുടങ്ങിയതെന്നും അതേ വര്‍ഷം ബിനീഷ് കോടിയേരി ബംഗളൂരുവില്‍ മണി എക്സ്ചേഞ്ച് സ്ഥാപനവും ഫിനാന്‍സ് കമ്പനിയും തുടങ്ങിയതിന്റെ തെളിവുകള്‍ യൂത്ത് ലീഗ് പുറത്ത് വിട്ടിരുന്നു.
എന്നാല്‍, പണം നല്‍കിയത് കടമായിട്ടാണെന്നും തന്റെ പേരില്‍ കമ്പനികള്‍ ഇല്ലെന്നുമായിരുന്നു ബിനീഷ് പ്രതികരിച്ചത്. ഇതെല്ലാം കളവാണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണ്.
കുമരകം പാർട്ടി
പാര്‍ട്ടി സെക്രട്ടറിയുടെ മകനെ അറസ്റ്റ് ചെയ്ത സാഹചര്യത്തില്‍ സിപിഎമ്മിന് ഇനി ഒഴിഞ്ഞു മാറാനാവില്ല. സിപിഎമ്മിന്റെ രാഷ്ട്രീയ സംരക്ഷണത്തിലാണ് ബിനീഷ് ഈ സാമ്രാജ്യം മുഴുവന്‍ കെട്ടിപ്പടുത്തത്.
മയക്കുമരുന്ന് ഇടപാടുകാരുമായി ചേര്‍ന്ന് ലോക്ക് ഡൗണ്‍ കാലത്തു കുമരകത്തു നിശാപാര്‍ട്ടി നടത്തിയതിന്റെ തെളിവുകള്‍ നല്‍കിയിട്ടും അന്വേഷണം പോലും പ്രഖ്യാപിക്കാത്തതിനു സിപിഎം കേരളത്തോട് മാപ്പു പറയണമെന്നും ഫിറോസ് ആവശ്യപ്പെടുന്നു.